കേരളത്തിൽ ഭരണമാറ്റത്തിന് പിന്നാലെ പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങൾ സജീവമാകുന്നു. വി.ഡി. സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച എട്ട് പ്രമുഖ കോൺഗ്രസ് നേതാക്കളുടെ ആദ്യ പട്ടിക ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരാണ് ആദ്യഘട്ടത്തിൽ മന്ത്രിമാരാകാൻ ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ പട്ടിക പുറത്തുവരുമെന്നാണ് സൂചന.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് മന്ത്രിസഭയിൽ വളരെ പ്രധാനപ്പെട്ട ഒരു വകുപ്പ് തന്നെ നൽകാനാണ് ഹൈക്കമാൻഡും കോൺഗ്രസ് നേതൃത്വവും ആലോചിക്കുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് അട്ടിമറി വിജയം നേടിയ മുതിർന്ന നേതാവ് കെ. മുരളീധരനും പ്രധാന വകുപ്പുകളിലൊന്ന് ലഭിച്ചേക്കും. കൊല്ലത്ത് നിന്ന് കന്നിയങ്കത്തിൽ മികച്ച വിജയം നേടി നിയമസഭയിലെത്തുന്ന ബിന്ദു കൃഷ്ണയ്ക്കും ആദ്യ പട്ടികയിൽ ഇടം ലഭിച്ചിട്ടുണ്ട്.
വളരെ സീനിയറായ നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണന് മന്ത്രിസ്ഥാനമോ അതല്ലെങ്കിൽ സ്പീക്കർ പദവിയോ നൽകാനായിരുന്നു കോൺഗ്രസ് ആലോചിച്ചിരുന്നത്. എന്നാൽ താൻ സ്പീക്കർ സ്ഥാനത്തേക്കില്ലെന്ന് തിരുവഞ്ചൂർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തന്നെ പരിഗണിക്കുകയായിരുന്നു. പുതുപ്പള്ളി മണ്ഡലത്തിൽ വേറിട്ട പ്രചാരണ തന്ത്രങ്ങളിലൂടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മനും സതീശൻ മന്ത്രിസഭയിലൂടെ ആദ്യമായി മന്ത്രിപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
