ബോളിവുഡ് നടി മൗനി റോയിയും മലയാളി വ്യവസായിയായ ഭർത്താവ് സൂരജ് നമ്പ്യാരും വിവാഹമോചനത്തിനൊരുങ്ങുന്നതായി അഭ്യൂഹം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തതാണ് ആരാധകർക്കിടയിൽ ചർച്ചകൾക്ക് തുടക്കമിട്ടത്.
ഇരുവരുടെയും അടുത്ത സുഹൃത്തായ നടി ദിഷാ പഠാണിയും സൂരജിനെ അൺഫോളോ ചെയ്തതോടെ വേർപിരിയൽ വാർത്തകൾക്ക് ബലം കൂടി. പ്രണയനിമിഷങ്ങളും ഒന്നിച്ചുള്ള യാത്രകളും സ്ഥിരമായി പങ്കുവെച്ചിരുന്ന ഇരുവരും തമ്മിൽ പൊടുന്നനെ അകന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പരസ്പരം അൺഫോളോ ചെയ്തെങ്കിലും, മുൻപ് പങ്കുവെച്ചിരുന്ന വിവാഹചിത്രങ്ങളോ മറ്റ് കുടുംബചിത്രങ്ങളോ ഇരുവരും പ്രൊഫൈലിൽ നിന്നും നീക്കം ചെയ്തിട്ടില്ല. ഇതിനാൽ തന്നെ ഇത് വെറും പിണക്കമാണോ അതോ ഔദ്യോഗികമായ വേർപിരിയലാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
സൂരജിന്റെ പോസ്റ്റുകൾക്ക് താഴെ “വിവാഹമോചനം ഉടൻ ഉണ്ടാകുമോ?”, “നിങ്ങൾ തമ്മിൽ എന്താണ് സംഭവിച്ചത്?” തുടങ്ങിയ ചോദ്യങ്ങളുമായി നിരവധി പേരാണ് എത്തുന്നത്. 2022 ജനുവരിയിൽ ഗോവയിൽ വെച്ചായിരുന്നു മൗനിയുടെയും സൂരജിന്റെയും വിവാഹം. മലയാളി, ബംഗാളി ആചാരപ്രകാരം നടന്ന ചടങ്ങുകൾ അന്ന് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. നിലവിൽ പ്രചരിക്കുന്ന വാർത്തകളോട് മൗനി റോയിയോ സൂരജോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
