തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിന്റെ ശക്തമായ കോട്ടയായ കണ്ണൂരിൽ നാടകീയ നീക്കങ്ങളും ആഭ്യന്തര കലഹവും രൂക്ഷമാകുന്നു. കെ.കെ. രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിച്ചതിനെതിരെ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് നേരിട്ട് പരാതി നൽകി. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഇതുവരെ അംഗമാകാത്ത രാഗേഷിനെ സെക്രട്ടറിയാക്കിയത് പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് പരാതിക്കാരുടെ വാദം. എന്നാൽ, മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിലാണ് രാഗേഷിനെ ഈ പദവിയിലേക്ക് നിയമിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം, തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ചതിനെ തുടർന്ന് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. കേന്ദ്ര കമ്മിറ്റി യോഗത്തിലെ നിർണായക തീരുമാനങ്ങൾ ജനറൽ സെക്രട്ടറി എം.എ. ബേബി നാളെ വാർത്താസമ്മേളനത്തിൽ വിശദീകരിക്കാനിരിക്കെയാണ് ഈ കത്തുവിവാദം പുറത്തുവരുന്നത്.
