
കൊച്ചി: കെപിസിസി അധ്യക്ഷനാകാൻ തനിക്ക് യോഗ്യതയുണ്ടെന്ന് ആവർത്തിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. പാർട്ടി ഏൽപ്പിക്കുന്ന ഏതൊരു ഉത്തരവാദിത്തവും നിർവഹിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. അടുത്ത കെപിസിസി പ്രസിഡൻറായി ആരെത്തുമെന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും തീരുമാനം കോൺഗ്രസ് ദേശീയ നേതൃത്വത്തിൻറേതാണെന്നും ഉചിതമായ സമയത്ത് നേതൃത്വം ഇക്കാര്യം പ്രഖ്യാപിക്കുമെന്നും തൻറെ പ്രവർത്തനത്തിൽ എംപിമാർക്കോ മറ്റ് നേതാക്കൾക്കോ പരാതികളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാർലമെൻറ് അംഗം, കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി, നെഹ്റു യുവകേന്ദ്ര വൈസ് ചെയർമാൻ, പാർലമെൻററി പാർട്ടി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച പരിചയസമ്പത്തും അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാ വിഭാഗങ്ങളിൽ നിന്നും സ്വീകാര്യതയുണ്ട്. പാർട്ടി ഇതുവരെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം മികച്ച രീതിയിൽ നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനെ തീരുമാനിക്കുമ്പോൾ സാമുദായിക പരിഗണനയും സ്വീകാര്യതയും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിക്കുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.
എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ആരെയും മാറ്റിനിർത്തുന്ന സമീപനം പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ്. പിന്നാക്ക ജനവിഭാഗങ്ങളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി പദവികൾ നൽകിയിട്ടുള്ളത് കോൺഗ്രസ് പാർട്ടിയാണെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
