Home » Blog » kerala Max » കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭയാണ് നിലവിൽ കേരളം ഭരിക്കുന്നത്: സർക്കാരിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ
pinarayi-vijayan-2-680x450

തിരുവനന്തപുരം: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭയാണ് നിലവിൽ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സർക്കാർ അധികാരത്തിൽ വന്ന് ആറ് മാസം തികയുന്ന വേളയിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അധ്യക്ഷനുമായി പോലും ചർച്ചകൾ നടത്താതെയും മുന്നണിയെയോ പാർട്ടിയെയോ വിശ്വാസത്തിലെടുക്കാതെയുമാണ് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നതെന്നും, വാഗ്ദാനങ്ങളിൽ നിന്നുള്ള യു-ടേണാണ് കഴിഞ്ഞ ആറ് മാസത്തെ ഭരണമെന്നും പിണറായി വിജയൻ വിമർശിച്ചു.

മന്ത്രിസഭയ്ക്കുള്ളിൽ നിന്ന് പുറത്തുവന്ന കാര്യങ്ങൾ നിഷേധിക്കാനാകാത്തതാണെന്നും ‘ടീം യുഡിഎഫ്’ എന്നത് ഇല്ലാതായിക്കഴിഞ്ഞെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് വിഘടിതരൂപമായി മാറിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. ഇതിനെ ജനാധിപത്യ സൗന്ദര്യമെന്ന് വിശേഷിപ്പിച്ചാൽ ആർക്കും മനസ്സിലാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. തെറ്റുകൾ തിരുത്തുന്നതിനും പൊതുഅഭിപ്രായം സ്വീകരിക്കുന്നതിനും പകരം വിതണ്ഡവാദങ്ങൾ ഉന്നയിച്ച് മുൻ സർക്കാരിനെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കഴിഞ്ഞ സർക്കാരിനെയും ഈ സർക്കാരിനെയും താൻ താരതമ്യപ്പെടുത്തുന്നില്ലെന്നും അത് ജനങ്ങൾ വിലയിരുത്തട്ടെയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

എൽഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ഇത്തരം പ്രശ്നങ്ങളൊന്നും ഉയർന്നുവന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാർട്ടിയെ വിശ്വാസത്തിലെടുക്കാത്ത മുഖ്യമന്ത്രിയുടെ ഏകാധിപത്യ സമീപനത്തിനെതിരെയാണ് മന്ത്രിമാരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നതെന്ന് കുറ്റപ്പെടുത്തി.

സർക്കാരിന്റെ നയങ്ങളെയും പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. കുത്തകകൾക്ക് വിടുപണി ചെയ്യുന്ന സർക്കാരായി യുഡിഎഫ് മാറിയെന്നും സംഘപരിവാർ വിധേയത്വമാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സർക്കാരിനെക്കുറിച്ച് ബിജെപിക്ക് നല്ല മതിപ്പാണുള്ളതെന്നും, തങ്ങളുടെ സർക്കാർ എന്ന നിലയിലാണ് ആർഎസ്എസ് ഈ സർക്കാരിനെ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *