തമിഴ് സിനിമാ ലോകത്തെ ഇതിഹാസതാരങ്ങളായ ശിവാജി ഗണേശന്റെയും പ്രഭുവിന്റെയും പിൻഗാമിയായി സിനിമയിലെത്തിയ വിക്രം പ്രഭു, തന്റെ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് ഒളിച്ചോടാൻ ആഗ്രഹിച്ചിരുന്ന കാലത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. തന്റെ പുതിയ ചിത്രമായ ‘സിറൈ’യുടെ സക്സസ് മീറ്റിലായിരുന്നു താരത്തിന്റെ ഈ വൈകാരികമായ വെളിപ്പെടുത്തൽ.
ചെറുപ്പം മുതൽ ശിവാജി ഗണേശന്റെ കൊച്ചുമകൻ, പ്രഭുവിന്റെ മകൻ എന്നീ ടാഗുകളിലാണ് താൻ അറിയപ്പെട്ടതെന്നും ഇത് തന്റെ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തുന്നതായി തോന്നിയെന്നും വിക്രം പ്രഭു പറഞ്ഞു. എവിടെ പോയാലും ഈ താരതമ്യങ്ങൾ കേൾക്കേണ്ടി വന്നതോടെ, ആ ഐഡന്റിറ്റിയിൽ നിന്ന് രക്ഷപ്പെടാനാണ് താൻ ശ്രമിച്ചത്. ആരെങ്കിലും കുടുംബത്തെക്കുറിച്ച് ചോദിച്ചു വരുമ്പോൾ അവിടെ നിന്ന് ഓടാൻ തോന്നുമായിരുന്നുവെന്നും താരം വെളിപ്പെടുത്തി.
കുടുംബത്തിന്റെ സ്റ്റാർഡം ഇല്ലാത്ത ഒരിടം തേടിയാണ് താൻ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്. അവിടെ ആരും തന്നെ തിരിച്ചറിയാത്ത സാഹചര്യത്തിലാണ് തന്നെത്തന്നെ കണ്ടെത്താൻ സാധിച്ചതെന്ന് വിക്രം പ്രഭു പറഞ്ഞു. ആ സമയത്താണ് സിനിമയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ അഭിനയത്തേക്കാൾ സംവിധാനത്തോടായിരുന്നു അന്ന് താൽപ്പര്യം.
അച്ഛൻ അറിയാതെ സൈൻ ചെയ്ത കുംകി
സിനിമയിലേക്ക് വരണമെന്ന ആഗ്രഹം അച്ഛനായ പ്രഭുവിനോട് പറയാതെയാണ് താൻ കുംകി എന്ന ചിത്രത്തിൽ കരാർ ഒപ്പിട്ടത്. അതിന് ശേഷമാണ് സിനിമയോടുള്ള താൽപ്പര്യം അച്ഛനെ അറിയിച്ചത്. സിനിമയിലെ വെല്ലുവിളികളെക്കുറിച്ച് മാത്രമാണ് അച്ഛൻ അന്ന് ചോദിച്ചതെന്നും തന്റെ പഴയ ഒളിച്ചോട്ടത്തെക്കുറിച്ച് അച്ഛന് അറിയില്ലായിരുന്നുവെന്നും വിക്രം പറഞ്ഞു. ‘താങ്കളൻ’ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് വരെ തേടിയെത്തിയതിൽ ഇപ്പോൾ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
