Home » Blog » Education » കീം 2026 ഫലം പ്രസിദ്ധീകരിച്ചു; എൻജിനീയറിങ്ങിൽ റോഷൻ രാജു ഒന്നാം റാങ്ക് നേടി
14

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ കീം 2026-ന്റെ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രഖ്യാപിച്ചു. ഈ വർഷം എൻജിനീയറിങ് വിഭാഗത്തിൽ 79,717 പേരും, ഫാർമസി വിഭാഗത്തിൽ 26,943 പേരും യോഗ്യത നേടി. കേരളത്തിലെ 192 പരീക്ഷാകേന്ദ്രങ്ങളിലായി 95,016 പേരാണ് പരീക്ഷ എഴുതിയത്.

എൻജിനീയറിങ് വിഭാഗത്തിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി. കണ്ണൂർ സ്വദേശി ധ്യാൻ തേജ് മണപ്പാട്ടി രണ്ടാം റാങ്കും തൃശൂർ എരവത്തൂർ സ്വദേശി വിസ്മയ കെ.ആർ മൂന്നാം റാങ്കും നേടി. എൻജിനീയറിങ് പരീക്ഷയ്ക്ക് ആകെ 96,750 പേരാണ് ഹാജരായത്.

ബി.ഫാം വിഭാഗത്തിൽ തൃശൂർ പോട്ട സ്വദേശി വിനായക് നാരായണൻ ഒന്നാം റാങ്ക് നേടി. തൃശൂർ ഒല്ലൂർ സ്വദേശി ജെസെ ജസ്റ്റിൻ രണ്ടാം റാങ്കും മലപ്പുറം കാവനൂർ സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്കും കരസ്ഥമാക്കി.

വിദ്യാർഥികൾക്ക് cee.kerala.gov.in വെബ്‌സൈറ്റിൽ ഫലം പരിശോധിക്കാം.

സിബിഎസ്ഇ പുനർമൂല്യനിർണയ ഫലം വൈകിയതിനെ തുടർന്നാണ് തിങ്കളാഴ്ച നടത്താനിരുന്ന കീം ഫലപ്രഖ്യാപനം മാറ്റിവെച്ചത്.