തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ വില വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹനങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ സഹായിക്കുന്ന പുതിയ പദ്ധതിയുമായി പ്രമുഖ ഇവി ബ്രാൻഡായ അൾട്രാവയലറ്റ് രംഗത്തെത്തി. കിൽ ദി പെട്രോൾ ബിൽ എന്ന ഈ പുതിയ പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള ഇരുചക്ര വാഹന ഉപഭോക്താക്കൾക്ക് ആകർഷകമായ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഈ പദ്ധതി പ്രകാരം അൾട്രാവയലറ്റ് എഫ്77 അല്ലെങ്കിൽ എക്സ്-47 മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ ഇരുചക്ര വാഹനത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സഞ്ചരിച്ച കിലോമീറ്ററുകൾക്ക് തുല്യമായ തുക ക്യാഷ്ബാക്കായി ലഭിക്കും.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20,000 കിലോമീറ്റർ ഓടിയ വാഹനമാണെങ്കിൽ 20,000 ക്യാഷ്ബാക്ക് ലഭിക്കും. റൈഡിംഗ് ഹിസ്റ്ററിയും വാഹനത്തിന്റെ ഉപയോഗവും അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് പരമാവധി 30,000 വരെയുള്ള ആനുകൂല്യങ്ങൾ ഇതിലൂടെ നേടാം.
കൂടാതെ എഫ്77, എക്സ്-47 മോഡലുകൾ ഉപയോഗിക്കുന്നതിലൂടെ ഇന്ധനച്ചെലവിൽ മാത്രം പ്രതിമാസം 3,000 മുതൽ 5,000 വരെ ലാഭിക്കാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിന് പിന്തുണ നൽകുന്നതാണ് തങ്ങളുടെ പുതിയ പദ്ധതിയെന്ന് അൾട്രാവയലറ്റ് സിഇഒയും സഹസ്ഥാപകനുമായ നാരായൺ സുബ്രഹ്മണ്യം പറഞ്ഞു. പെട്രോൾ വിലക്കയറ്റത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളെ സഹായിക്കുന്ന പദ്ധതികൾ കുറവാണെന്നും, കുറഞ്ഞ ചെലവിൽ ആധുനിക സാങ്കേതികവിദ്യയുള്ള ഇവികൾ എളുപ്പത്തിൽ സ്വന്തമാക്കാൻ സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
