Home » Blog » kerala Max » കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും
2

കൊച്ചി: പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാലടി സംസ്‌കൃത സർവകലാശാലയിലെ സസ്‌പെൻഷനിലായ വിദ്യാർഥികൾ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ പരിഗണിക്കും. നാളെ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.വാദം കേൾക്കുന്ന തീയതിയാണ് നാളെ നിശ്ചയിക്കുക. ഈയാഴ്ച തന്നെ വാദം കേൾക്കാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്യഷ്ണൻ വ്യക്തമാക്കി.

സുപ്രീം കോടതി നിർദേശ പ്രകാരമാണ് വിദ്യാർഥികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുൻപാകെ ഹർജി നൽകിയത്. ഒക്ടോബർ 30ന് സിംഗിൾ ബെഞ്ച് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. തുടർന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. സിംഗിൾ ബെഞ്ചിനോട് തന്നെ ഹർജി കേട്ട് തീർപ്പാക്കാൻ നിർദേശിക്കുകയായിരുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ ഉത്തരവാണെങ്കിൽ പ്രത്യേക പരീക്ഷയ്ക്കുള്ള അനുമതി നൽകും.

തങ്ങൾക്ക് മതിയായ ഹാജർ നിലയുണ്ടെന്നും സസ്‌പെൻഷൻ കാലയളവിലെ ഹാജർ മാത്രമാണ് ഇല്ലാത്തതെന്നും വിദ്യാർഥികൾ പുതിയ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് ആവശ്യം. നാടകാവതരണത്തെ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരമായി തെറ്റായി വ്യാഖ്യാനിച്ചെന്നാണ് ഹർജിക്കാരുടെ വാദം. ഒരേ സംഭവത്തിൽ രണ്ടാമത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമെന്നും വിദ്യാർഥികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *