
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് വൈസ് ചാൻസലർ സിസ തോമസ്. വിദ്യാർത്ഥികൾക്ക് മതിയായ ഹാജരില്ലെന്നും അതിനാൽ പരീക്ഷയെഴുതാൻ അനുവദിക്കാനാകില്ലെന്നുമാണ് വിസിയുടെ വാദം. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിക്കാത്ത സർവകലാശാലാ നടപടിക്കെതിരെ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിദ്യർത്ഥികൾ പരീക്ഷ എഴുതാതിരിക്കാൻ സർവകലാശാല കോടതിയെ സമീപിച്ച നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. കോടതി നിർദേശപ്രകാരം വെബ്സൈറ്റ് തുറന്നുകൊടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സർവകലാശാല അതിന് തയ്യാറായില്ല. വിദ്യാർത്ഥികൾക്കെതിരെ വിസി പ്രതികാരം തീർക്കുകയാണെന്നാണ് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ ആരോപണം.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിനിടയിൽ വിസി സിസ തോമസിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് യൂണിയൻ ചെയർമാനും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും അടക്കം 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. കാലാവധി വ്യക്തമാക്കാതെയായിരുന്നു സസ്പെൻഷൻ നടപടി. ആഗസ്റ്റ് 13-ന് പ്രവർത്തനരഹിതമായ ലൈറ്റുകളുടെ ശവമഞ്ചവുമായി നടത്തിയ പ്രതിഷേധത്തിനിടയിൽ വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും തടഞ്ഞുവെച്ചെന്നും ഔദ്യോഗിക വാഹനം നശിപ്പിച്ചെന്നും കാണിച്ച് സിസ തോമസ് പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
