Home » Blog » kerala Max » കായികലോകത്തെ ശതകോടീശ്വരന്മാർ; പ്രതിഫലത്തിൽ മെസ്സിയെ ബഹുദൂരം പിന്നിലാക്കി റൊണാൾഡോ, ഫോർബ്സ് പട്ടിക പുറത്ത്
mess-and-ronaldo-680x450

 കായികരംഗത്ത് നേരിയ മന്ദഗതി പ്രകടമാണെങ്കിലും ലോകത്തെ മുൻനിര കായികതാരങ്ങളുടെ സമ്പാദ്യത്തിൽ വൻ കുതിപ്പ് തുടരുന്നതായി ഫോബ്‌സ് മാഗസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ആദ്യ 50 കായികതാരങ്ങൾ കഴിഞ്ഞ 12 മാസത്തിനിടെ മാത്രം നേടിയത് 4.1 ബില്യൺ ഡോളറാണ് (ഏകദേശം 34,000 കോടിയിലധികം ഇന്ത്യൻ രൂപ). അമേരിക്കൻ ഫുട്ബോൾ ലീഗായ എൻഎഫ്എല്ലിൽ പുതിയ വൻകിട കരാറുകൾ കുറഞ്ഞതിനാൽ കഴിഞ്ഞ വർഷത്തെ റെക്കോർഡ് തുകയേക്കാൾ 3% ഇടിവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും കായികതാരങ്ങളുടെ ആകെ വരുമാനത്തിന്റെ സിംഹഭാഗമായ 3 ബില്യൺ ഡോളറും ശമ്പളം, ബോണസ്, സമ്മാനത്തുക എന്നിവയിലൂടെ കളിസ്ഥലത്തു നിന്ന് തന്നെയാണ് താരങ്ങൾ സ്വന്തമാക്കിയത്. ബാക്കി 1.1 ബില്യൺ ഡോളർ പരസ്യങ്ങൾ, ബിസിനസ് സംരംഭങ്ങൾ എന്നിവയിലൂടെയാണ് ഇവരുടെ അക്കൗണ്ടിലെത്തിയത്.

സമ്പത്തിന്റെ കാര്യത്തിൽ കായികലോകത്ത് തനിക്ക് വെല്ലുവിളികളില്ലെന്ന് പ്രഖ്യാപിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായ നാലാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഏകദേശം 2,500 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 300 മില്യൺ ഡോളറാണ് ഈ വർഷം മാത്രം റൊണാൾഡോയുടെ അക്കൗണ്ടിലെത്തിയ ഏകദേശ വരുമാനം. അതേസമയം, പ്രശസ്ത ടെന്നീസ് താരം ജാന്നിക് സിന്നർ 54.6 മില്യൺ ഡോളർ വരുമാനവുമായി പട്ടികയിൽ 50-ാം സ്ഥാനത്തുണ്ട്. ഫോബ്‌സ് പട്ടികയിലെ ആദ്യ 50-ൽ ഇടംപിടിക്കാൻ ഒരു കായികതാരം നേടേണ്ട ഏറ്റവും ഉയർന്ന ചുരുങ്ങിയ തുകയാണിത് എന്ന പ്രത്യേകതയുമുണ്ട്.

പട്ടികയിലുള്ള ആകെ 50 പേരിൽ 18 രാജ്യങ്ങളിൽ നിന്നുള്ളവരും 8 വ്യത്യസ്ത കായിക ഇനങ്ങളിൽ പെട്ടവരുമായ പ്രതിഭകൾ ഉൾപ്പെടുന്നു. എന്നാൽ ഇത്തവണ കോടീശ്വരന്മാരുടെ ഈ പട്ടികയിൽ ഏറ്റവും കൂടുതൽ ആധിപത്യം പുലർത്തിയത് ബാസ്‌ക്കറ്റ്‌ബോൾ താരങ്ങളാണ്. കഴിഞ്ഞ വർഷത്തേക്കാൾ നാല് പേരുടെ വർദ്ധനവോടെ 20 നാഷണൽ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ താരങ്ങളാണ് ഇത്തവണ ഫോബ്‌സ് ലിസ്റ്റിൽ ഇടംപിടിച്ചത്. എൻബിഎ യുടെ സാലറി ക്യാപ് ഉയരുന്ന സാഹചര്യത്തിൽ, വരും വർഷങ്ങളിൽ കൂടുതൽ ബാസ്‌ക്കറ്റ്‌ബോൾ താരങ്ങൾ ഈ പട്ടികയുടെ മുൻനിരയിലേക്ക് കുതിച്ചെത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.