Home » Blog » Kerala » കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി സിപിഎം
12

വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം. അറസ്റ്റിന് പിന്നിൽ യുഡിഎഫ്-പൊലീസ്-മാധ്യമ ഗൂഢാലോചന ആണെന്ന് ആരോപിച്ച് സിപിഎം വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റൂറൽ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇതുവരെ യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ, ആദ്യമായാണ് പാർട്ടി തന്നെ നേരിട്ട് സമരം ഏറ്റെടുത്ത് തെരുവിലിറങ്ങുന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മെഹ്ബൂബ് ആണ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തത്. വടകര ഏരിയയിലെ പ്രധാന നേതാക്കളും നിരവധി പ്രവർത്തകരും മാർച്ചിൽ അണിനിരന്നു.

വിവാദ സ്‌ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്‌കർ ആണെന്ന് പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും ആണ് നേതാക്കൾ ചോദിക്കുന്നത്. ഭരണമാറ്റത്തിന് പിന്നാലെ ഉന്നതരുടെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് പൊലീസ് ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നും സിപിഎം ആരോപിക്കുന്നു. എസ്പി ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് ഉയർത്തി മാർച്ച് തടഞ്ഞു.

അതേസമയം, കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്‌കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജിതിന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോൺ കൂടുതൽ വിവരശേഖരണത്തിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങൾ ലഭ്യമാകൂ. വിവാദ സ്‌ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇത് നിർമിച്ചത് ആരാണെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. മുൻപ് ഡിവൈഎഫ്ഐ നേതാവ് റിബേഷിലേക്ക് അന്വേഷണം നീങ്ങിയിരുന്നെങ്കിലും ഉറവിടം കണ്ടെത്താനാകാതെ അവസാനിപ്പിച്ചിരുന്നു. പുതിയ പ്രത്യേക അന്വേഷണ സംഘം വന്ന ശേഷമാണ് കൃത്യമായ നടപടികളിലേക്കും അറസ്റ്റിലേക്കും കടന്നത്.

സ്‌ക്രീൻഷോട്ട് നിർമാണവുമായി ബന്ധപ്പെട്ട് വടകര കേന്ദ്രീകരിച്ചുള്ള കൂടുതൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളിലേക്ക് അന്വേഷണം എത്തിയേക്കുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിൽ പൊലീസിന് മേൽ സമ്മർദ്ദം ചെലുത്താനും അന്വേഷണത്തിന്റെ ദിശ മാറ്റാനുമാണ് പാർട്ടി നേരിട്ട് പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ജിതിൻ ഭാസ്‌കറിലൂടെ യഥാർഥ ഉറവിടം കണ്ടെത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

2024ലെ വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ ‘കാഫിർ’ എന്ന് വിശേഷിപ്പിച്ച് യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള വ്യാജ സ്ക്രീൻഷോട്ട് വലിയ തോതിൽ വർഗീയ ധ്രുവീകരണത്തിന് വഴിവെച്ചിരുന്നു. എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ പേരിലാണ് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. എന്നാൽ കാസിമിന്റെ പരാതിയിൽ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ, അദ്ദേഹത്തിന് ഇതിൽ യാതൊരു പങ്കില്ലെന്നും വർഗീയ ലക്ഷ്യത്തോടെ ചമച്ച ഈ വ്യാജരേഖ ചില പ്രമുഖ ഇടത് സൈബർ പേജുകളിലൂടെയാണ് ആദ്യം പൊതുവിടത്തിലേക്ക് എത്തിയതെന്നും പൊലീസ് കണ്ടെത്തി.

കേസിൽ സിപിഎം-ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ജിതിൻ ഭാസ്കറിനെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഗ്രൂപ്പ് അഡ്മിൻ കൂടിയായ ജിതിൻ ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ സ്ക്രീൻഷോട്ട് പങ്കുവെച്ച മുൻ എംഎൽഎ കെ.കെ. ലതിക അടക്കമുള്ള സിപിഎം നേതാക്കളെയും മറ്റ് ഗ്രൂപ്പുകളിലേക്ക് ഇത് ഫോർവേഡ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും, ഈ വ്യാജരേഖ ആദ്യം ഡിസൈൻ ചെയ്ത യഥാർഥ ‘മാസ്റ്റർമൈൻഡ്’ ആരെന്നതിലേക്ക് അന്വേഷണം ഇതുവരെ എത്തിയിട്ടില്ല.