Home » Blog » kerala Mex » കള്ളിയങ്കാട്ട് നീലിയായി അനുഷ്ക? കത്തനാർ ട്രെയിലർ ചർച്ചകളിൽ നിറയുന്നു
Kathanar-movie

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാർ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായിരിക്കുകയാണ്. മികച്ച വിഷ്വൽസും വിഎഫ്എക്‌സ് നിലവാരവും കൊണ്ട് ശ്രദ്ധേയമായ ട്രെയ്‌ലറിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള രസകരമായ കണ്ടെത്തലുകളുമായി എത്തിയിരിക്കുകയാണ് സിനിമാ പ്രേമികൾ.

കള്ളിയങ്കാട്ട് നീലിയായി അനുഷ്ക ഷെട്ടി?

ട്രെയ്‌ലറിലെ ചില നിഗൂഢ രംഗങ്ങൾ ഡീകോഡ് ചെയ്ത പ്രേക്ഷകർ, ചിത്രത്തിൽ തെലുങ്ക് താരം അനുഷ്ക ഷെട്ടി ‘കള്ളിയങ്കാട്ട് നീലി’യായാണ് എത്തുന്നതെന്ന് സംശയിക്കുന്നു. ട്രെയ്‌ലറിലെ ഒരു ഷോട്ടിൽ അനുഷ്കയും മറ്റൊരാളും വഞ്ചിയിൽ പോകുന്നതും അതിനുപിന്നാലെ നിഗൂഢമായ ഒരു കൈ ഉയർന്നു വരുന്നതും കാണാം. ഈ രംഗത്തിന് പിന്നാലെയാണ് നീലിയായി എത്തുന്നത് അനുഷ്കയായിരിക്കുമെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്. മുൻപ് ‘ലോക’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ നീലിയായി വന്നതുപോലെ, കത്തനാരിൽ അനുഷ്കയുടെ പ്രകടനം വിസ്മയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ അണിയറപ്രവർത്തകർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രം

‘ഹോം’ എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നാണ്. ജയസൂര്യ ടൈറ്റിൽ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രഭുദേവ, വിനീത്, നിതീഷ് ഭരദ്വാജ് തുടങ്ങി വൻ താരനിര അണിനിരക്കുന്നു. 15 ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളായ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നീൽ ഡി കുഞ്ഞയാണ്. രാഹുൽ സുബ്രഹ്മണ്യന്റെ സംഗീതവും റോജിൻ തോമസ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന വിഎഫ്എക്സും ചിത്രത്തിന് ഒരു ആഗോള നിലവാരം നൽകുന്നുണ്ട്.