Home » Blog » Kerala » കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിൽ ഒരു കല്ലറയിൽ രണ്ട് മൃതദേഹം? പായയിൽ പൊതിഞ്ഞ നിലയിൽ അവശിഷ്ടങ്ങൾ
police-680x450

കണ്ണൂർ: ഇരിക്കൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കല്ലറ തുറന്ന് പരിശോധിച്ചപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിലുള്ള വസ്തുക്കൾ കണ്ടെത്തിയത്. ഇത് മറ്റൊരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണെന്ന ശക്തമായ സംശയത്തെ തുടർന്ന് കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ക്രിസ്തീയ ആചാരങ്ങൾക്ക് വിരുദ്ധമായ രീതിയിലാണ് ഇവ കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയിരിക്കുന്നത് എന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

 

ഒരുകല്ലറയ്ക്കുള്ളിൽ ആചാരപ്രകാരമല്ലാതെ, പായയിൽ പൊതിഞ്ഞ നിലയിൽ വസ്തുക്കൾ കണ്ടെത്തിയത് വലിയ സംശയങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു. വിവരം അറിഞ്ഞവർ ഇത് പുറത്തുപറയാതിരുന്നതാണോ എന്നും സംശയിക്കുന്നു. പള്ളി അധികൃതർ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കി. ക്രിസ്ത്യൻ ആചാരപ്രകാരം ഇത്തരമൊരു അടക്കം ചെയ്യൽ രീതിയില്ലെന്നും, കണ്ടെത്തിയത് പോസ്റ്റ്‌മോർട്ടം ചെയ്ത ഏതെങ്കിലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിന്റെ തുടരന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും പള്ളി കമ്മിറ്റി അറിയിച്ചു.