കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട അധ്യാപകൻ ഡോ. എം.കെ. റാം ആന്ധ്രാപ്രദേശിൽ ഒളിവിൽ കഴിയുന്നതായി സംശയിക്കുന്നതായി പോലീസ്. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതി ഉടൻ കീഴടങ്ങാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. നിലവിൽ ക്രൈംബ്രാഞ്ച് സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ആന്ധ്രയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരെ ഉടൻ അങ്ങോട്ട് അയക്കാനും തീരുമാനമായിട്ടുണ്ട്.
കോളേജിലെ പാത്തോളജി വിഭാഗം മുൻ മേധാവിയായിരുന്നു ഡോ. എം.കെ. റാം. നിതിൻ രാജിനെ സഹപാഠികളുടെ മുന്നിൽ വെച്ച് ജാതിപരമായി അധിക്ഷേപിക്കുകയും കടുത്ത മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. പ്രിൻസിപ്പലിന്റെ ഓഫീസിൽ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ലോൺ ആപ്പുകളിൽ നിന്ന് പണം കടമെടുത്തതിന്റെ പേരിൽ ഏജന്റുമാർ നിതിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരങ്ങൾ പുറത്തുവന്നിരുന്നു.
