Home » Blog » kerala Max » കംപ്ലയിന്റിന് സാധ്യത..! 21.5 ലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിച്ച് ഫോക്‌സ്‌വാഗൺ
car-stearing-680x450

വോൾഫ്സ്‌ബുർഗ്: ഓടിക്കുന്നതിനിടെ സ്റ്റിയറിങ് പൂർണമായും പ്രവർത്തനരഹിതമാകാൻ സാധ്യത. ഗുരുതരമായ സുരക്ഷാ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ലോകമെമ്പാടുമായി 21,59,054 വാഹനങ്ങൾ തിരിച്ചുവിളിച്ച് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. സ്റ്റിയറിങ് ഗിയർബോക്സ് ഘടിപ്പിക്കുന്ന ബോൾട്ടുകൾക്ക് തുരുമ്പെടുക്കാനുള്ള സാധ്യതയാണ് ജർമൻ ഫെഡറൽ മോട്ടോർ ട്രാൻസ്‌പോർട്ട് അതോറിറ്റി (കെ.ബി.എ) ചൂണ്ടിക്കാട്ടിയത്. ജർമനിയിൽ മാത്രം 8,95,832 കാറുകൾ തിരിച്ചുവിളിക്കുന്നതിൽ ഉൾപ്പെടുന്നു.

2013 സെപ്റ്റംബർ മുതൽ 2024 ജൂലൈ വരെയുള്ള ഏകദേശം പതിനൊന്ന് വർഷത്തെ ഉൽപാദന കാലയളവിൽ പുറത്തിറങ്ങിയ ജനപ്രിയ ഫോക്‌സ്‌വാഗൺ മോഡലുകളെയാണ് തകരാർ ബാധിക്കുക. സ്റ്റിയറിങ് ഗിയറിലേക്ക് ഈർപ്പം കയറാൻ സാധ്യതയുള്ളതിനാൽ കാലക്രമേണ ബോൾട്ടുകളിൽ തുരുമ്പ് പിടിക്കാം. പിന്നീട് വാഹനത്തിന് മേൽ കടുത്ത സമ്മർദമുണ്ടാകുമ്പോൾ ബോൾട്ട് ഒടിഞ്ഞുപോകാനും സ്റ്റിയറിങ് സംവിധാനം ഇളകാനും വാഹനം തിരിക്കുന്നതിൽ തടസ്സമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് കെ.ബി.എയുടെ കണ്ടെത്തൽ.

തകരാർ ഗുരുതരമാണെങ്കിലും ഇതുവരെ ഇതുമൂലം അപകടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വാഹനങ്ങൾ വർക്ക്‌ഷോപ്പുകളിലേക്ക് തിരിച്ചുവിളിക്കുന്നത്. വാഹന ഉടമകൾക്ക് യാതൊരു ചെലവും കൂടാതെ ബോൾട്ടുകൾ മാറ്റി തുരുമ്പെടുക്കാത്ത പുതിയ ബോൾട്ടുകൾ സ്ഥാപിച്ചുനൽകും. ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകൾക്ക് ഫോക്‌സ്‌വാഗണിൽനിന്നും കെ.ബി.എയിൽനിന്നും ഔദ്യോഗിക കത്തുകളും ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

തിരിച്ചുവിളിക്കലിന് ഫോക്‌സ്‌വാഗൺ നൽകിയിരിക്കുന്ന കോഡ് 48VS ആണ്. കെ.ബി.എ റഫറൻസ് നമ്പർ 17016R എന്നും നൽകിയിട്ടുണ്ട്. വാഹന ഉടമകൾക്ക് വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (FIN) പരിശോധിച്ച് തങ്ങളുടെ വാഹനം തിരിച്ചുവിളിക്കലിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കാം. ഫോക്‌സ്‌വാഗന്റെ സൗജന്യ കസ്റ്റമർ കെയർ ഹെൽപ്പ്‌ലൈൻ 0800 8655792436 എന്ന നമ്പറിലും ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *