ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’-ന്റെ പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. ചിത്രം 2026 സെപ്റ്റംബർ 3-ന് ആഗോളതലത്തിൽ വമ്പൻ റിലീസായി തിയേറ്ററുകളിലെത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20-ന് നിശ്ചയിച്ചിരുന്ന ചിത്രം, കൂടുതൽ വലിയ പാൻ-ഇന്ത്യൻ റിലീസ് ഉറപ്പാക്കുന്നതിനായി രണ്ടാഴ്ച കൂടി നീട്ടിവെക്കുകയായിരുന്നു. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഇത് ഒരുങ്ങുന്നത്.
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടുതൽ വിപണികളിലേക്കും പ്രേക്ഷകരിലേക്കും എത്തിക്കാനാണ് റിലീസ് മാറ്റിയതെന്ന് ദുൽഖർ സൽമാൻ വ്യക്തമാക്കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം, മെഗാ കാൻവാസിലാണ് ഒരുക്കിയിരിക്കുന്നത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്ലറും ആദ്യ ഗാനവും ഇതിനോടകം വലിയ തരംഗമാണ് സൃഷ്ടിച്ചത്. തെന്നിന്ത്യയിലുടനീളം നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജേക്ക്സ് ബിജോയ് സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ആക്ഷൻ രംഗങ്ങളും ഒരുക്കുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ദൃശ്യവിരുന്നുകളിൽ ഒന്നാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
