ഓണക്കാലത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് കേരളം ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിലാണ്. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലെ അത്തം നഗറിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തുകയും, പ്രശസ്ത ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ തൃപ്പൂണിത്തുറ നഗരം ഒട്ടനവധി കാഴ്ചകളാൽ മുഖരിതമാകും. ഞായറാഴ്ചയായതിനാൽ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും കർശന ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രാജഭരണകാലത്ത് തൃപ്പൂണിത്തുറ ഹിൽ പാലസിൽ നിന്ന് കൊച്ചി രാജാവ് പ്രജകളെ കാണാൻ എത്തുന്നതിന്റെ ഓർമ്മപ്പെടുത്തലാണ് അത്തച്ചമയം. 1961 മുതൽ തൃപ്പൂണിത്തുറ നഗരസഭ ഇത് ജനകീയ ഉത്സവമായി വിപുലമായി നടത്തിവരുന്നു. അത്തം നഗറിൽ നിന്ന് ആരംഭിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിനു മുന്നിലൂടെ വടക്കേക്കോട്ട വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് ഘോഷയാത്ര കടന്നുപോകുന്നത്.
ഘോഷയാത്രയുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരത്തിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് – എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്. വൈക്കം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി – തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്ക് പോകണം. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷൻ മിനി ബൈപാസ് വഴി പോകേണ്ടതാണ്. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്നു കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് തിരിഞ്ഞ് മുളന്തുരുത്തി, ചോറ്റാനിക്കര വഴി പോകണം. എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും പേട്ട ജംഗ്ഷനിൽ എത്തി മിനി ബൈപാസ് വഴി പോകേണ്ടതാണ്. വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷൻ, ഇരുമ്പനം ജംഗ്ഷൻ വഴി പോകണം. കൂടാതെ വെണ്ണല, എരൂർ ഭാഗങ്ങളിൽ നിന്ന് കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജംഗ്ഷൻ, ട്രാക്കോ കേബിൾ ജംഗ്ഷൻ, ഇരുമ്പനം ജംഗ്ഷൻ വഴി പോകേണ്ടതാണ്.
