Home » Blog » kerala Max » ​ഓം പ്രകാശ് മാഥൂറിനായി പുതിയ ആഡുബര വാഹനം; ഗവർണറുടെ യാത്രാസൗകര്യങ്ങൾക്കായി ഫോർച്യൂണർ വാടകയിലെടുത്തു
images (36)

കേരളത്തിന്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിനായി ഡൽഹി കേരള ഹൗസ് വാടകയ്ക്ക് ഫോർച്യൂണർ കാർ എടുത്തു. ഗവർണറുടെ പ്രത്യേക നിർദേശപ്രകാരമാണ് ഈ നടപടി. സാധാരണയായി ഡൽഹിയിലെത്തുമ്പോൾ സംസ്ഥാന മുഖ്യമന്ത്രിയും ഗവർണറും ഇന്നോവ കാറുകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ യാത്രാ ആവശ്യങ്ങൾക്ക് ഫോർച്യൂണർ തന്നെ വേണമെന്ന് ഗവർണർ റെസിഡന്റ് കമ്മീഷണറെ അറിയിക്കുകയായിരുന്നു. ഇതിന് പുറമെ ഗവർണർക്കായി പുതിയ ഫോർച്യൂണർ കാർ വാങ്ങുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

 

ഉയരക്കൂടുതലുള്ളതിനാലാണ് വാഹനം മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. നേരത്തെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കേരള ഹൗസിലെ കട്ടിൽ മാറ്റാൻ ആവശ്യപ്പെട്ടതും വലിയ വാർത്തയായിരുന്നു. കേരള ഹൗസിലെ കട്ടിലിന് നീളം കുറവായതിനാൽ, മുൻപ് സിക്കിം ഗവർണറായിരുന്ന മാഥൂറിനായി സിക്കിം ഹൗസിൽ നിന്നാണ് നീളം കൂടിയ കട്ടിൽ എത്തിച്ചുനൽകിയത്. ഇതിനുപുറമേ ലോക് ഭവനിലെ അടുക്കളയിൽ മാംസാഹാര വിഭവങ്ങൾ പാചകം ചെയ്യരുതെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും നേരത്തെ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു.

 

ഒക്ടോബർ 23-നാണ് കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്‌നാട് ഗവർണറായി സ്ഥലംമാറിപ്പോയ ഒഴിവിലായിരുന്നു ഈ പുതിയ നിയമനം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നെങ്കിലും പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

 

ആർ.എസ്.എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച ഓം പ്രകാശ് മാഥൂർ രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ്. 2008-ൽ രാജസ്ഥാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ അദ്ദേഹം പിന്നീട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായും ഗുജറാത്തിന്റെ സംഘടനാ ചുമതലയുള്ള നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *