Home » Blog » kerala Max » ഒരേ കളിക്കാരന് മൂന്ന് ജനന സർട്ടിഫിക്കറ്റുകൾ; പ്രായത്തട്ടിപ്പ് കേസിൽ കടുത്ത നടപടിയുമായി ബി.സി.സി.ഐ
BCCI-1-680x450

പ്രായം സംബന്ധിച്ച രേഖകളിലെ പൊരുത്തക്കേടുകൾ പുറത്തുവന്നതോടെ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റിൽ നിന്ന് താരത്തിന് തിരിച്ചടി. ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിനെയാണ് പ്രായത്തിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് ബി.സി.സി.ഐ രണ്ട് വർഷത്തേക്ക് വിലക്കിയത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടർ-19 ടീമിൽ തിരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിലാണ് നടപടി. ഉത്തർപ്രദേശ് സ്വദേശിയായ രോഹിത് ജൂലൈയിൽ നടന്ന ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യക്കായി കളിച്ച് ആറ് വിക്കറ്റുകൾ നേടിയിരുന്നു. ഈ മാസം രാജ്കോട്ടിലും അഹമ്മദാബാദിലുമായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ അണ്ടർ-19 ഏകദിന, ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിലും താരം ഉൾപ്പെട്ടിരുന്നു.

ശ്രീലങ്കയിൽ രേഖകൾ പരിശോധിക്കുന്നതിനിടെയാണ് പ്രായവുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. രോഹിത്തിന് 2007, 2009, 2010 എന്നീ വ്യത്യസ്ത ജനന വർഷങ്ങളുള്ള മൂന്ന് ജനന സർട്ടിഫിക്കറ്റുകളുണ്ടെന്നാണ് കണ്ടെത്തിയത്. ആധാർ രേഖകളിലും പൊരുത്തക്കേടുകളുണ്ടായിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിൽ രജിസ്റ്റർ ചെയ്യുമ്പോൾ 2007 ആയിരുന്ന ജനന വർഷം പിന്നീട് ആധാറിൽ 2006 ആയും 2021ൽ 2009 ആയും മാറ്റിയിരുന്നു. ഇതിനെ തുടർന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ താരത്തെ നേരത്തെ തന്നെ ജൂനിയർ ടീമുകളിൽ നിന്ന് മാറ്റിനിർത്തുകയും വിവരം ബി.സി.സി.ഐയെ അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്.

പ്രായത്തട്ടിപ്പിനെതിരായ പരിശോധന ശക്തമാക്കുന്നതിനിടെയാണ് നടപടി. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ പ്രായത്തിൽ കൃത്രിമം നടത്തിയതായി 62 താരങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *