
കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് സി.പി.എമ്മുമായുള്ള അവരുടെ അകൽച്ചയ്ക്ക് അടിവരയിടുന്നു. “ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എന്നെന്നും ശരിയായിക്കൊള്ളണമെന്നില്ല” എന്നായിരുന്നു ആ കുറിപ്പിലെ പ്രധാന വാക്യം. ഇത് തൻ്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള വരാനിരിക്കുന്ന കുറിപ്പുകളുടെ ആമുഖമാണെന്നാണ് സൂചന. ഒരു നദി കടക്കാൻ സഹായകമായ ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ലെന്നും, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും, ജീവിതം പഠിപ്പിച്ച പാഠമാണെന്നും ബുദ്ധൻ്റെ കഥ ഉദാഹരണമാക്കി ദിവ്യ വിശദീകരിക്കുന്നു. നീതി വൈകുമെങ്കിലും സത്യത്തിന്റെ ശബ്ദം മങ്ങില്ലെന്നും പോസ്റ്റിൽ അവർ പ്രസ്താവിച്ചു.
മുൻ കണ്ണൂർ എ.ഡി.എം. കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ പി.പി. ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ഇതിനെത്തുടർന്ന് പാർട്ടി അവരെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. അടുത്തിടെ നടന്ന സി.പി.എം. കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ ദിവ്യക്ക് പ്രത്യേക പരിഗണനയൊന്നും ലഭിച്ചില്ല. ജീവിതയാത്രയിൽ കണ്ടുമുട്ടിയ ആളുകളും നേരിട്ട സാഹചര്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളും ചോദ്യങ്ങളുമാണ് താൻ പങ്കുവെക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
