ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ചുവടുറപ്പിക്കുന്ന ഒബെൻ ഇലക്ട്രിക് തങ്ങളുടെ പുതിയ മോട്ടോർസൈക്കിളിന്റെ ടീസർ പുറത്തിറക്കി. ഏറെ ആകാംക്ഷയുണർത്തുന്ന ഈ പുതിയ മോഡൽ 2026 ഏപ്രിൽ 30-ന് ഔദ്യോഗികമായി വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. “അൺലീഷ് ദി ബോൾഡ്” എന്ന ടാഗ്ലൈനോടെ എത്തുന്ന ഈ ബൈക്ക്, നിലവിലെ മോഡലുകളേക്കാൾ കരുത്തുറ്റതും സ്റ്റൈലിഷും ആയിരിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
പുതിയ ബൈക്കിന്റെ സാങ്കേതിക വിവരങ്ങളോ വിലയോ കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടീസറിൽ കാണുന്ന മുൻവശത്തെ രൂപകൽപ്പന ശ്രദ്ധേയമാണ്. താഴെ പ്രൊജക്ടർ ലെൻസുള്ള എൽഇഡി ഹെഡ്ലാമ്പും അതിനു മുകളിൽ ‘യു’ (U) ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുമാണ് ബൈക്കിനുള്ളത്. ഏപ്രിൽ 30-ന് നടക്കുന്ന ചടങ്ങിൽ ബൈക്കിന്റെ ബാറ്ററി ശേഷി, റേഞ്ച്, പവർ, ചാർജിംഗ് സമയം തുടങ്ങിയ എല്ലാ വിവരങ്ങളും പുറത്തുവിടും.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബെൻ ഇലക്ട്രിക്കിന് നിലവിൽ ഒബെൻ റോർ , റോർ ഇസെഡ് എന്നീ രണ്ട് മോഡലുകളാണുള്ളത്. പുതിയ ബൈക്കിന്റെ വരവോടെ തങ്ങളുടെ പോർട്ട്ഫോളിയോ വിപുലീകരിക്കാനും വിപണിയിൽ കൂടുതൽ കരുത്ത് തെളിയിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലുടനീളം 50-ലധികം ഷോറൂമുകൾ തുറന്നുകൊണ്ട് വിപുലമായ വിപണന ശൃംഖല കെട്ടിപ്പടുക്കാനുള്ള നീക്കത്തിലാണ് കമ്പനി ഇപ്പോൾ.
