സവിൻ എസ്.എ. സംവിധാനം ചെയ്ത ‘വാഴ 2’ ബോക്സ് ഓഫീസിൽ ഐതിഹാസികമായ കുതിപ്പ് തുടരുന്നു. വിപിൻ ദാസ് രചനയും നിർമ്മാണവും നിർവ്വഹിച്ച ഈ ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിന് പിന്നാലെ മലയാള സിനിമയിലെ വമ്പൻ റെക്കോർഡുകളും തകർക്കുകയാണ്. മോഹൻലാൽ ചിത്രം ‘തുടരും’ കേരളത്തിൽ നിന്ന് നേടിയ 118.90 കോടി രൂപയുടെ ലൈഫ് ടൈം കളക്ഷൻ മറികടന്നതാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ നേട്ടം. നിലവിൽ 119.50 കോടി രൂപ കേരളത്തിൽ നിന്ന് മാത്രം സ്വന്തമാക്കിയ ‘വാഴ 2’, ബോക്സ് ഓഫീസിൽ വലിയ വിസ്മയമായി മാറിയിരിക്കുകയാണ്.
ആദ്യദിനം മുതൽ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ച ചിത്രത്തിന് ഹാഷിർ, അജിൻ, അലൻ, വിനായകൻ എന്നിവരുടെ പ്രകടനങ്ങളാണ് കരുത്തേകിയത്. ഇവർക്കൊപ്പം ബിജുക്കുട്ടൻ, സുധീഷ് എന്നിവരുടെ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യവും വികാരനിർഭരമായ നിമിഷങ്ങളും കൃത്യമായി സമന്വയിപ്പിച്ച തിരക്കഥയും ചിത്രത്തിലെ പാട്ടുകളും യുവാക്കൾക്കിടയിൽ വൻ ഹിറ്റായി മാറി. ചിത്രത്തിന്റെ വിജയം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തെലുങ്ക് ട്രെയ്ലറും പുറത്തിറക്കിയിരുന്നു.
വൻ താരനിര അണിനിരന്ന ഈ വിജയഗാഥയ്ക്ക് പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള ഒരുക്കങ്ങളും അണിയറയിൽ സജീവമാണ്. ‘വാഴ 3’ പെൺകുട്ടികളുടെ കഥയായിരിക്കും പറയുകയെന്ന് വിപിൻ ദാസ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ദേവരാജ്, അമീൻ, ശബരി, വിജയ് ബാബു, അരുൺ, അൽഫോൻസ് പുത്രൻ തുടങ്ങിയ മികച്ച താരനിരയുടെ സാന്നിധ്യവും സോഷ്യൽ മീഡിയ താരങ്ങളുടെ ജനപ്രീതിയും സിനിമയെ വലിയൊരു വിജയമാക്കുന്നതിൽ നിർണ്ണായകമായി. മലയാള സിനിമയിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ സ്വാധീനം ഉറപ്പിക്കുന്ന ഒന്നായി ‘വാഴ 2’ മാറി.
