Home » Blog » kerala Max » ഐ.ഒ.എ വോട്ടര്‍പട്ടിക വിവാദം; പി.ടി. ഉഷയ്‌ക്കെതിരായ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
12

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പി.ടി ഉഷയെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധിയായി പി.ടി. ഉഷയെ ജനറല്‍ അസംബ്ലിയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ കുന്‍സാങ് നാംഗ്യാല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതോടെ ഐ.ഒ.എ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പി.ടി. ഉഷയ്ക്ക് മുന്നിലുണ്ടായിരുന്ന നിയമതടസ്സം നീങ്ങി.

മികച്ച നേട്ടങ്ങള്‍ കൈവരിച്ച കായികതാരങ്ങളുടെ (സ്പോര്‍ട്സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ്) വിഭാഗത്തില്‍ നിന്ന് ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ പി.ടി. ഉഷയ്ക്ക് നേരത്തെ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രസിഡന്റ് ഗുര്‍പ്രീത് സിങ് ബക്ഷിയുടെ നേതൃത്വത്തിലുള്ള ഐസ് ഹോക്കി അസോസിയേഷന്‍ വിഭാഗം ഉഷയെ തങ്ങളുടെ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍, പി.ടി. ഉഷ ഒരിക്കലും ഐസ് ഹോക്കി അസോസിയേഷനില്‍ അംഗമായിരുന്നില്ലെന്നും അംഗത്വമില്ലാത്ത ഒരാളെ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എതിര്‍വിഭാഗത്തിലെ കുന്‍സാങ് നാംഗ്യാല്‍ ഹൈക്കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് ഉഷയ്ക്ക് അനുകൂലമായ നിര്‍ണ്ണായക കോടതി വിധി വന്നിരിക്കുന്നത്. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ ഉഷയ്ക്ക് പത്രിക സമര്‍പ്പിക്കുന്നതിനുള്ള വഴി തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *