കൊച്ചി: 2026 സാമ്പത്തിക വര്‍ഷം ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ലാഭത്തില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 34.6 ശതമാനം വര്‍ദ്ധിച്ച് 1,600 കോടി രൂപയിലെത്തി.
കമ്പനിയുടെ പുതിയ ബിസിനസ്സ് മൂല്യം വാര്‍ഷികാടിസ്ഥാനത്തില്‍ 10.9 ശതമാനം വളര്‍ച്ചയോടെ 2,629 കോടി രൂപയായി ഉയര്‍ന്നു. വിഎന്‍ബി മാര്‍ജിന്‍ 24.7 ശതമാനമാണ്. ഉപഭോക്താക്കളുടെ ആകെ ഇന്‍ഷുറന്‍സ് പരിരക്ഷാ തുക 16.9 ശതമാനം വളര്‍ച്ചയോടെ 46.11 ലക്ഷം കോടി രൂപയിലെത്തി. ഇതില്‍ റീട്ടെയില്‍ പുതിയ ബിസിനസ്സ് സം അഷ്വേര്‍ഡ് 35.3 ശതമാനം വര്‍ദ്ധിച്ച് 4.5 ലക്ഷം കോടി രൂപയായി. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 3.14 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. ആകെ പ്രീമിയം വരുമാനം 53,125 കോടി രൂപയായും പുതിയ ബിസിനസ്സ് പ്രീമിയം 24,810 കോടി രൂപയായും ഉയര്‍ന്നു.
കമ്പനിയുടെ എംബഡഡ് മൂല്യം 10.5 ശതമാനം വളര്‍ച്ചയോടെ 52,989 കോടി രൂപയിലെത്തി. 99.3 ശതമാനം ക്ലെയിമുകളും കമ്പനി തീര്‍പ്പാക്കി. ശരാശരി 1.1 ദിവസത്തിനുള്ളിലാണ് ക്ലെയിമുകള്‍ നല്‍കിയത്. കമ്പനിയുടെ സേവിംഗ്സ് വിഭാഗത്തിലെ ചെലവ്-പ്രീമിയം അനുപാതം 12.1 ശതമാനമായി കുറഞ്ഞു.
ഓരോ ഓഹരിക്കും 1.65 രൂപ വീതം അന്തിമ ലാഭവിഹിതം നല്കാന് കമ്പനി ശുപാര്‍ശ ചെയ്തു. കമ്പനിയുടെ സോള്‍വന്‍സി അനുപാതം 227.3 ശതമാനമാണ്. ഇത് നിയന്ത്രണ ഏജന്‍സികള്‍ നിശ്ചയിച്ചിട്ടുള്ള 150 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്.
കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ 25-ാം വര്‍ഷത്തില്‍ 20 കോടിയിലധികം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്കാന് സാധിച്ചതായി എംഡിയും സിഇഒയുമായ അനൂപ് ബാഗ്ചി പറഞ്ഞു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാനാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പദ്ധതികളും വിതരണ ശൃംഖലയുടെ വിപുലീകരണവുമാണ് കമ്പനിയുടെ ഈ മികച്ച വളര്‍ച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
