ന്യൂഡൽഹി: അയൽവാസിയായ പെൺകുട്ടിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ. ഡൽഹിയിലെ ഇന്ദിരാ വിഹാറിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. തന്റെ കാമുകനുമായി വിവാഹമുറപ്പിച്ച പെൺകുട്ടിയെയാണ് യുവതി ആക്രമിച്ചത്. ഏപ്രിൽ 19നാണ് ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. മുഖത്ത് സാരമായി പരുക്കേറ്റ പെൺകുട്ടി ഗുരു തെഗ് ബഹാദൂർ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ കാഴ്ചയ്ക്ക് തകരാറുണ്ടെന്നും റിപ്പോർട്ടുണ്ട്. പ്രതിയായ യുവതിയും ആക്രമണത്തിനിരയായ പെൺകുട്ടിയും വർഷങ്ങളായി പരിചയമുള്ളവരും പതിവായി പരസ്പരം വീടുകൾ സന്ദർശിക്കുന്നവരുമാണ്. ആക്രമണം നടന്ന ദിവസം രാവിലെയും പ്രതിയായ യുവതി പെൺകുട്ടിയുടെ വീട്ടിലെത്തുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നതായി ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. പിന്നീട് ഉച്ചയോടെ പ്രതി വീണ്ടും ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ വീട്ടിലെത്തി.
ഒരു കല്യാണത്തിനു പോകണമെന്നും കൈയിൽ മൈലാഞ്ചി ഇട്ടുതരണമെന്നും പ്രതി പെൺകുട്ടിയോടു പറഞ്ഞു. മൈലാഞ്ചി ഇടുന്നതിനിടെ ബാഗിൽനിന്ന് നാരങ്ങാവെള്ളമാണെന്നു പറഞ്ഞ് ഒരു കവറെടുക്കുകയും ‘ഇനി നീ ഇത് കുടിക്കൂ’ എന്നു പറഞ്ഞ് കവറിലുണ്ടായിരുന്ന ദ്രാവകം പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലും ഒഴിക്കുകയായിരുന്നുവെന്നും ഇരയുടെ സഹോദരി പറഞ്ഞു. ദ്രാവകം വീണയുടൻ കുട്ടിയുടെ മുഖവും വസ്ത്രങ്ങളും ഉരുകിപ്പോയെന്നും കുടുംബം പറഞ്ഞു. തുടർന്ന് അയൽവാസികളും ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബവും ചേർന്ന് പ്രതിയെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആക്രമിക്കപ്പെട്ട പെൺകുട്ടി വിവാഹം ചെയ്യാൻ പോകുന്നയാളും താനും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നെന്നും ഈ വിവാഹം അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും യുവതി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ പ്രതിശ്രുതവരനെ ചോദ്യം ചെയ്തിട്ടില്ലെന്നും എന്നാൽ ഇരുവരും തമ്മിൽ സംസാരിക്കാറുണ്ടായിരുന്നു എന്ന് ഫോൺ രേഖകളിൽ നിന്ന് വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.
