
ഏഷ്യാ കപ്പിലെ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് പിന്നാലെ ഗുൽ ഫിറോസയ്ക്കെതിരെയും കടുത്ത നടപടിയുമായി ഐസിസി. ഹോങ്കോങ്ങിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അമ്പയറുടെ തീരുമാനത്തെ എതിർത്തതിനാണ് ഫിറോസയ്ക്കെതിരെ നടപടിയെടുത്തത്. മത്സര ഫീസിന്റെ പത്ത് ശതമാനം പിഴ ചുമത്തിയ ഐസിസി, താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും നൽകി.
പാക് ഇന്നിങ്സിലെ അഞ്ചാം ഓവറിൽ എൽ.ബി.ഡബ്ല്യു ആയി റഫറി വിധി എഴുതിയപ്പോൾ പന്ത് ബാറ്റിൽ തട്ടിയിട്ടുണ്ടെന്ന് വാദിച്ച് ഫിറോസ അമ്പയറോട് കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് കാണിക്കുന്നത് സംബന്ധിച്ച ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.8-ലെ ലെവൽ 1 ലംഘനമാണ് പാക് താരം നടത്തിയത്. കഴിഞ്ഞ 24 മാസത്തിനിടെ ഗുൽ ഫിറോസ നേടുന്ന രണ്ടാമത്തെ ഡിമെറിറ്റ് പോയിന്റാണിത്.
നേരത്തെ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഷെഫാലി വർമ്മയെ പുറത്താക്കിയതിന് പിന്നാലെ പ്രകോപനപരമായി ആംഗ്യം കാണിച്ചതിനായിരുന്നു ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കെതിരെ ഐസിസി നടപടിയെടുത്തത്. അതേസമയം, മോശം പെരുമാറ്റ വിവാദങ്ങൾക്കിടയിലും ഹോങ്കോങ്ങിനെ തോൽപ്പിച്ച് പാകിസ്ഥാൻ ഏഷ്യാ കപ്പ് സെമിഫൈനലിൽ കടന്നിട്ടുണ്ട്. സെമിയിൽ ശ്രീലങ്കയാണ് പാകിസ്ഥാന്റെ എതിരാളികൾ. മറ്റൊരു സെമി പോരാട്ടത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
