വെറും 16 രൂപയ്ക്ക് എന്തു തുണിത്തരങ്ങളും സ്വന്തമാക്കാമെന്ന ഒരു സോഷ്യൽ മീഡിയ ഓഫർ ആളുകളെ എത്രത്തോളം ഇളക്കിമറിക്കുമെന്ന് കണ്ടറിയണോ? ഉത്തർപ്രദേശിലെ കാൺപുരിൽ സ്വാതന്ത്ര്യദിനത്തിന്റെ പാതിരാത്രിയിൽ അരങ്ങേറിയ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. പതിനാറു രൂപയുടെ ആ ഒരു ഓഫർ കാരണം ആയിരക്കണക്കിന് ആളുകളാണ് അർദ്ധരാത്രിയിൽ ഒരു തുണിക്കടയ്ക്ക് മുന്നിലേക്ക് തടിച്ചുകൂടിയത്. സ്ഥിതി നിയന്ത്രണാതീതമായതോടെ ഒടുവിൽ പോലീസ് ഇടപെട്ട് ലാത്തിവീശേണ്ടി വരികയും ചെയ്തു.
ഉത്തർപ്രദേശിലെ കാൺപുർ അൻവാർഗഞ്ച് മേഖലയിലെ ആലം മാർക്കറ്റിലുള്ള ‘ആലം മാർട്ട്’ എന്ന തുണിക്കടയുടെ ഉടമ റായിസ് ആലം ഇൻസ്റ്റഗ്രാമിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പങ്കുവെച്ച ഒരു സ്പെഷൽ ബർത്ത് ഡേ ഓഫറാണ് ഈ കോലാഹലങ്ങൾക്കെല്ലാം കാരണം. ഓഗസ്റ്റ് 16-ന് പുലർച്ചെ ആദ്യത്തെ പതിനാറ് മിനിറ്റിനകം കടയിലെ ഏത് തുണിയും വെറും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു ആ പരസ്യ വാഗ്ദാനം. സോഷ്യൽ മീഡിയയിൽ ഇത് അതിവേഗം വൈറലായതോടെ ഓഗസ്റ്റ് 15-ന് രാത്രി 11 മണിയോടെ തന്നെ കടയ്ക്ക് മുന്നിൽ വൻ ജൻക്കൂട്ടം വന്ന് റോഡും പരിസരവും നിറയ്ക്കുകയായിരുന്നു.
ജനങ്ങളുടെ ആ തള്ളിക്കയറ്റം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ തുണി വാങ്ങാനെത്തിയവരും കടയിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. സ്ഥിതി കൈവിട്ടുപോയതോടെ സമീപത്തെ സ്റ്റേഷനുകളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുകയും, ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശുകയും ചെയ്യേണ്ടി വന്നു. കടയുടമകളായ മൊഹമ്മദ് ആലം, റയിസ് ആലം, സൽമാൻ ആലം എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സൽമാൻ അറസ്റ്റിലായിട്ടുണ്ടെങ്കിലും മറ്റു രണ്ടുപേരും ഒളിവിലാണെന്ന് അൻവാർഗഞ്ച് എസിപി മഞ്ജയ് സിങ് വ്യക്തമാക്കി.
