Home » Blog » Kerala » എൻജിനീയറിങ് പാസാകാൻ എടുത്തത് അഞ്ചര വർഷം; അച്ഛന്റെ തല്ലും സ്നേഹവും വെളിപ്പെടുത്തി സൈജു കുറുപ്പ്
Saiju-Kurup-680x450

തന്റെ വിദ്യാർത്ഥിക്കാലത്തെക്കുറിച്ചും പിതാവുമായുള്ള ആത്മബന്ധത്തെക്കുറിച്ചും വെളിപ്പെടുത്തി നടൻ സൈജു കുറുപ്പ്. താനൊരു ‘ഉഴപ്പനായ’ വിദ്യാർത്ഥിയായിരുന്നുവെന്നും എൻജിനീയറിങ് പൂർത്തിയാക്കാൻ അധികകാലം വേണ്ടിവന്നുവെന്നും ഒരു അഭിമുഖത്തിൽ താരം പറഞ്ഞു.

 

മൈനിങ് എൻജിനീയറിങ് പഠിച്ചിരുന്ന സൈജു, നാല് വർഷത്തെ കോഴ്‌സ് പാസാകാൻ അഞ്ചര വർഷമെടുത്തു. പഠന കാര്യത്തിലെ ഉഴപ്പിന്റെ പേരിൽ അച്ഛൻ തന്നെ വഴക്കുപറയുകയും തല്ലുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓർക്കുന്നു. എന്നാൽ ഫൈനൽ ഇയർ റിസൾട്ട് വന്നപ്പോൾ അച്ഛൻ തന്നെ കെട്ടിപ്പിടിച്ചതാണ് ജീവിതത്തിലെ ‘ബെസ്റ്റ് സീൻ’ എന്ന് സൈജു പറഞ്ഞു. അച്ഛന്റെ ജോലി സംബന്ധമായാണ് താരം മഹാരാഷ്ട്രയിലെത്തിയതും 22 വയസ്സുവരെ അവിടെ കഴിഞ്ഞതും.

 

നാട്ടിൽ നിന്ന് മാറി താമസിച്ചതിനാൽ മലയാളം വായിക്കാനും എഴുതാനുമുള്ള കഴിവ് നഷ്ടപ്പെട്ടതിനെക്കുറിച്ചും താരം മനസുതുറന്നു. വീട്ടിൽ മലയാളമാണ് സംസാരിച്ചിരുന്നതെങ്കിലും അക്ഷരങ്ങൾ മറന്നുപോയിരുന്നു. പിന്നീട് ടിവി ചാനലുകളിലെ സ്ക്രോളിംഗ് വാർത്തകൾ വായിച്ചാണ് അക്ഷരങ്ങൾ തിരിച്ചറിയാൻ പഠിച്ചത്. ഇപ്പോഴും അക്ഷരങ്ങൾ കണ്ടാൽ തിരിച്ചറിയാമെങ്കിലും മലയാളം എഴുതാൻ തനിക്ക് അറിയില്ലെന്നും സൈജു കുറുപ്പ് വെളിപ്പെടുത്തി.

 

സൈജു കുറുപ്പിന്റെ 150-ാമത്തെ ചിത്രമായ ‘മോഹിനിയാട്ടം’ തിയേറ്ററുകൾക്ക് പിന്നാലെ ഒടിടിയിലും തരംഗമാവുകയാണ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. സുരാജ് വെഞ്ഞാറമൂടും സൈജുവും ഒന്നിച്ച ചിത്രത്തിന് ആദ്യഭാഗത്തേക്കാൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.