എം വി ​ഗോവിന്ദന്റെ പീഡിത സംഘം മുപ്പതു കൊല്ലം മുമ്പ് നടത്തിയ നരവേട്ടയുടെ കഥ

പിഡിപി പീഡിതരുടെ പാർട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പരസ്യമായി പറഞ്ഞതോടെ തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാവായിരുന്ന എ എം സക്കീറിന്റെ രക്തസാക്ഷിത്വം ആചരിക്കാൻ എസ്എഫ്ഐക്കും സിപിഎമ്മിനും ഇനി എന്ത് അർഹതയെന്ന ചോദ്യമാണ് ഉയരുന്നത്. 1995 ജനുവരി 16-ന് അർധരാത്രിയാണ് എസ്എഫ്ഐ നേതാവും ​ഗവ. ലോ കോളേജ് യൂണിയൻ ചെയർമാനുമായ എ എം സക്കീറിനെ പിഡിപിക്കാരായ ഇരുപതോളം പേർ ചേർന്ന് ക്രൂരമായി വെട്ടിക്കൊന്നത്. പെരുമാതുറ മാടൻനടയിലുള്ള എ എം സക്കീറിന്റെ വീട്ടിലെത്തി സ്വന്തം പിതാവിന്റെ മുന്നിലിട്ടാണ് പിഡിപിക്കാർ സക്കീറിനെ വെട്ടിയത്. വെട്ടുകൊണ്ട് വീട്ടിൽനിന്ന് ഇറങ്ങിയോടിയ സക്കീറിനെ പിന്തുടർന്ന അക്രമിസംഘം സക്കീറിന്റെ വീടിന് അരക്കിലോമീറ്ററോളം അകലെ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. പീഡിതരുടെ ചെറുസംഘം നടത്തിയ ചെറുത്ത് നിൽപ്പായിരുന്നോ അത് എന്ന് വ്യക്തമാക്കേണ്ടത് പാർട്ടി സെക്രട്ടറിയായ എം വി ​ഗോവിന്ദനാണ്.

പെരുമാതുറ സ്വദേശിയായ ഷാജഹാന്റെ വീടിന്റെ പരിസരത്ത് വച്ചായിരുന്നു പിഡിപിക്കാർ സക്കീറിനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. കറുത്ത വേഷവും കയ്യുറയും ധരിച്ചാണ് അക്രമി സംഘം എത്തിയത്. വെട്ടുകൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിയോടിയ സക്കീർ ഷാജഹാന്റെ വീടിന്റെ പടിക്കെട്ടിന് കീഴിൽ ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ, പിന്തുടർന്നെത്തിയ പിഡിപിക്കാർ മതിൽ ചാടിക്കടന്ന് സക്കീറിനെ തെങ്ങിൻ പറമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പാക്കിയശേഷം ആഹ്ലാദാരവം മുഴക്കിയാണ് എം വി ​ഗോവിന്ദൻ ഇന്നു പറഞ്ഞ പീഡിതരുടെ സംഘം അവിടെനിന്ന് മടങ്ങിയത്.

തിരുവനന്തരപുരം ലോ കോളേജ് യൂണിയൻ ചെയർമാനായി തെരഞ്ഞെടുത്ത ദിവസമാണ് പിഡിപിക്കാർ സക്കീറിനെ കൊലപ്പെടുത്തിയത്. സക്കീറിന്റെ പിതാവും സിപിഎം പെരുമാതുറ ബ്രാഞ്ച് സെക്രട്ടറിയുമായ എസ് എ റഷീദിനെ ഉൾപ്പെടെ മറ്റ് ഏഴുപേരെയും സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. നാല് വീടുകൾ തകർത്തു. വാൾ,കമ്പിപ്പാര, വെട്ടുകത്തി, കോടാലി എന്നിവയുമായാണ് പിഡിപിക്കാർ സക്കീറിനെ കൊലപ്പെടുത്താനെത്തിയത്.

കേസിലെ രണ്ടാം പ്രതി സുൽഫിക്കറാണ് സക്കീറിനെ വീട്ടിൽ കയറി ആദ്യം വെട്ടിയത്. വെട്ടേറ്റ സക്കീർ വീടിന് പുറത്തേക്ക് ഇറങ്ങി ഓടുമ്പോൾ “വിടരുത് അവനെ തട്ടണം എന്ന്’ സുൽഫിക്കർ വിളിച്ചു പറഞ്ഞു. വാളുമായി പുറകെ ഓടിയ എട്ടാം പ്രതി റാഫി സക്കീറിന്റെ മുണ്ടും അഴിച്ചെടുത്തിരുന്നു. അതെ, മുപ്പത് വർഷം മുമ്പ് സിപിഎമ്മിന്റെ ഭാവി വാ​​ഗ്ദാനമായിരുന്ന ഒരു യുവ നേതാവിനെ അയാളുടെ വീട്ടിൽ കയറി ക്രൂരമായി വെട്ടിക്കൊന്ന സംഘം ഉൾപ്പെടെയുള്ളവരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പീഡിതരുടെ സംഘം എന്ന് പരിതപിക്കുന്നത്.

കഴിഞ്ഞ മാസമാണ് കേസിലെ മൂന്നു പ്രതികൾക്ക് കൂടി അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെക്ഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പെരുമാതുറ സ്വദേശികളായ രണ്ടാം പ്രതി സുൽഫിക്കർ, എട്ടാം പ്രതി റാഫി, പത്താം പ്രതി റിയാസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിനുപുറമേ ഇവർക്ക് വിവിധ വകുപ്പുകൾപ്രകാരം 1,90,000 രൂപ പിഴയും 21 വർഷത്തെ തടവും ശിക്ഷ വിധിച്ചു. കേസിൽ ഒന്നുമുതൽ 10 വരെയുള്ള മറ്റ് പ്രതികളെ കോടതി നേരത്തെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. എന്നാൽ, വിചാരണ നടക്കവേ 3 പ്രതികളും ഒളിവിൽ പോയതിനാലാണ് ഇവരെ വിസ്തരിക്കാനാകാതെ കേസ് മാറ്റിയത്.

ഒടുവിൽ പ്രതികൾ കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ ആറാം പ്രതിയേയും ഒമ്പതാം പ്രതിയേയും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 16ഉം 17ഉം 20ഉം പ്രതികൾ ഇപ്പോഴും ഒളിവിലാണ്. 11-ാം പ്രതി വിചാരണയ്ക്കിടെ മരിച്ചു. ആകെ 19 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.

ഒരു ചെറുപ്പക്കാരനെ, അതും എസ്എഫ്ഐയുടെ ജനകീയനായ ഒരു നേതാവിനെ കൊത്തിയറഞ്ഞ് കൊന്നുതള്ളിയ സംഘം ഉൾപ്പെടുന്ന പാർട്ടി എങ്ങനെയാണ് പീഡിതരുടെ പാർട്ടിയാകുന്നത്? സ്ഫോടന കേസുകൾ പ്രതിയായി പതിറ്റാണ്ടുകളായി ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്ന നേതാവിന്റെ അണികൾ എങ്ങനെയാണ് പീഡിത സംഘമാകുന്നത്? നാല് വോട്ട് കിട്ടാൻ ആരെയും വെള്ളപൂശുന്ന നയം സിപിഎം സ്വീകരിച്ചാൽ അത് രക്തസാക്ഷിത്വങ്ങളെ അപമാനിക്കലാകും എന്ന ആരോപണമാണ് സക്കീറിന്റെ സുഹൃക്കുക്കളും കുടുംബാം​ഗങ്ങളും ഉയർത്തുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *