കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഉത്തരവിട്ടു. പ്രദേശത്ത് തുടരുന്ന ശക്തമായ മഴയെത്തുടർന്നാണ് നടപടി.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലും പുഴയോരങ്ങളിലും കുത്തനെയുള്ള ചരിവുകളിലും താമസിക്കുന്നവരെ പൂർണ്ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിർദ്ദേശം. മാറ്റിപ്പാർപ്പിക്കൽ നടപടികളും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും ഏകോപിപ്പിക്കാൻ വടകര ആർ.ഡി.ഒ.യെ നോഡൽ ഓഫീസറായും വടകര തഹസിൽദാരെ അസിസ്റ്റന്റ് നോഡൽ ഓഫീസറായും നിയമിച്ചു.
ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി, മെഡിക്കൽ സേവനങ്ങൾ എന്നിവ ഉറപ്പാക്കാനും ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, മലയോര മേഖലയിലെ റോഡുകളിലൂടെ രാത്രി 7 മുതൽ രാവിലെ 6 വരെ അടിയന്തര ആവശ്യങ്ങൾക്കൊഴികെയുള്ള യാത്രകൾക്ക് കർശന നിരോധനം ഏർപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി
