ഉത്തർപ്രദേശിലെ ബന്ദ ജില്ല ഇപ്പോൾ കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. താപനില 48 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. രാജസ്ഥാനിലെ ചുരു, ജയ്‌സാൽമീർ തുടങ്ങിയ മരുഭൂമി പ്രദേശങ്ങളെക്കാൾ തീവ്രമായ ചൂടാണ് ഇപ്പോൾ ബന്ദയിൽ അനുഭവപ്പെടുന്നത്. മെയ് മാസത്തിൽ 48.2 ഡിഗ്രി സെൽഷ്യസിലെത്തിയ താപനില ബന്ദയിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. രാവിലെ 10 മണി കഴിഞ്ഞാൽ നഗരത്തിലെ റോഡുകൾ വിജനമാകുന്ന സ്ഥിതിയാണുള്ളത്.
ദുരിതക്കയത്തിൽ ജനജീവിതം
കഠിനമായ ചൂട് കാരണം ബന്ദയിലെ തൊഴിൽ രീതികളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. കർഷകർ പകലിലെ പൊള്ളുന്ന വെയിൽ ഒഴിവാക്കാൻ രാത്രികാലങ്ങളിൽ എൽഇഡി ലൈറ്റുകളുടെ വെളിച്ചത്തിലാണ് ഇപ്പോൾ പാടങ്ങളിൽ പണിയെടുക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ജോലി ചെയ്യാൻ തൊഴിലാളികൾ വിസമ്മതിക്കുന്നു. കൂലിയുടെ 40 ശതമാനം വരെ നഷ്ടപ്പെടുത്തിയാലും ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ അവർ തയ്യാറാണ്. ഉച്ചസമയങ്ങളിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാലകൾ ഇപ്പോൾ സൂര്യാസ്തമയത്തിന് ശേഷമാണ് തുറക്കുന്നത്. ട്രാൻസ്‌ഫോർമറുകൾ കേടാകാതിരിക്കാൻ വൈദ്യുതി വകുപ്പ് ജീവനക്കാർ ജില്ലയിലെ ആയിരത്തിലധികം ട്രാൻസ്‌ഫോർമറുകളിൽ നിരന്തരം വെള്ളം ഒഴിച്ച് തണുപ്പിക്കേണ്ട അവസ്ഥയുമുണ്ട്.
‘ഹീറ്റ് ഐലൻഡ്’ ആകുന്ന ബന്ദ
കാലാവസ്ഥാ വ്യതിയാനം മാത്രമല്ല, ദശാബ്ദങ്ങളായി നടക്കുന്ന വനനശീകരണവും പരിസ്ഥിതി നാശവുമാണ് ബന്ദയെ ഈ ദുരവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 1991 മുതൽ 2021 വരെയുള്ള കാലയളവിൽ ബന്ദയിലെ ഇടതൂർന്ന വനമേഖലയുടെ ആറിലൊന്ന് ഭാഗവും നഷ്ടപ്പെട്ടു. വനഭൂമി കയ്യേറിയുള്ള കൃഷിയും, വിന്ധ്യൻ പർവതനിരകളിലെ അനിയന്ത്രിതമായ ഖനനവും ഭൂഗർഭജല സംവിധാനത്തെ തകിടം മറിച്ചു. കൂടാതെ കെൻ നദിയിൽ നിന്നുള്ള നിയമവിരുദ്ധമായ മണൽ ഖനനം ജലനിരപ്പ് ഗണ്യമായി കുറച്ചു. പകൽ മുഴുവൻ ചൂട് ആഗിരണം ചെയ്യുകയും രാത്രിയിലും അത് നിലനിർത്തുകയും ചെയ്യുന്ന ഒരു ‘ഹീറ്റ് ഐലൻഡ്’ ആയി ബന്ദ മാറിയിരിക്കുന്നു. ഇതേ അവസ്ഥ തുടർന്നാൽ, വരും വർഷങ്ങളിൽ ബന്ദ മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത സ്ഥലമായി മാറുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
