തിരുവനന്തപുരം: കേരള നിയമസഭയിൽ ചരിത്രത്തിലാദ്യമായി സ്പീക്കർ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കും. ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനാർഥിയെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
മൂന്ന് സീറ്റുകൾ നേടി ആദ്യമായി നിയമസഭയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച സാഹചര്യത്തിലാണ് ബിജെപി സ്പീക്കർ തെരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ ഒരു ബിജെപി സ്ഥാനാർഥിയും സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ബി ബി ഗോപകുമാറിന്റെ പേര് സഭയിൽ ഔദ്യോഗികമായി നിർദേശിക്കുന്നത് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്നായിരിക്കും.
അതേസമയം, ഭരണകക്ഷിയായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്പീക്കർ സ്ഥാനാർഥിയായി മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ പ്രഖ്യാപിച്ചിട്ടുണ്ട്. എ.സി. മൊയ്തീൻ എൽഡിഎഫിൻ്റെ സ്പീക്കർ സ്ഥാനാർഥിയാകും.
