തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷന്റെ ഇ-ഹെൽത്ത് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 457 അർബൻ ഹെൽത്ത് സെന്ററുകൾക്ക് ഇന്റർനെറ്റ് കണക്ഷൻ നൽകാനൊരുങ്ങി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ). മൾട്ടി പ്രോട്ടോക്കോൾ ലേബൽ സ്വിച്ചിങ് (MPLS) സാങ്കേതികവിദ്യ ഉപയോഗിച്ച് ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഇ-ഹെൽത്ത് സേവനങ്ങൾ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രവർത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരം നാഷണൽ അർബൻ ഹെൽത്ത് മിഷൻ ഹെഡ് ഓഫീസിൽ കേന്ദ്ര ഹബ് സജ്ജീകരിക്കും. ഇതിലൂടെ നഗരപ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ തമ്മിലുള്ള ഡാറ്റ കൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കുകയും രോഗികൾക്ക് വേഗത്തിലും മെച്ചപ്പെട്ടതുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യാൻ സാധിക്കും.
“സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ ഡിജിറ്റൽ ഏകീകരണത്തിന് നിർണായക പങ്കാണ് കെഫോൺ വഹിക്കുന്നത്,” കെഫോൺ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. “ഇ-ഹെൽത്ത് കേരള പദ്ധതിയിലൂടെ അർബൻ ഹെൽത്ത് സെന്ററുകളെ ഏകീകരിക്കുന്നത് ആരോഗ്യ സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കും. മാത്രമല്ല ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് കെഫോണിന്റെ ലക്ഷ്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ ഡിജിറ്റൽ മാറ്റത്തിന് ഈ സംരംഭം ശക്തമായ പിന്തുണയാകുമെന്ന് അധികൃതർ അറിയിച്ചു.
