
പാലക്കാട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ തന്നെയാണ് സിപിഎം തീരുമാനിച്ചിട്ടുള്ളതെന്ന് മുതിർന്ന പാർട്ടി നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്നും ദുരുദ്ദേശപരമായ ഏത് അന്വേഷണങ്ങളെയും നേരിടാൻ കേരളത്തിലെ ഇടതുപക്ഷം സജ്ജമാണെന്നും അവർ വ്യക്തമാക്കി. ഇ ഡി അന്വേഷണ വിഷയത്തിൽ കോൺഗ്രസിന് തികഞ്ഞ ഇരട്ടത്താപ്പാണുള്ളതെന്ന് കെ കെ ശൈലജ കുറ്റപ്പെടുത്തി.
കേന്ദ്രത്തിൽ സ്വന്തം നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ വിശ്വാസ്യതയില്ലാത്ത ഏജൻസിയായി മാറുന്ന ഇ ഡി, കേരളത്തിൽ സിപിഎമ്മിനെതിരെ തിരിയുമ്പോൾ വിശ്വസനീയമായ ഏജൻസിയായി മാറുന്ന വിചിത്രമായ നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസ് നേതാക്കളായിരുന്ന സുവേന്ദു അധികാരിയും ഹിമന്ത ബിശ്വ ശർമ്മയും ഇ ഡി അന്വേഷണം നേരിട്ടവരാണ്. എന്നാൽ ഇവർ ബിജെപിയിൽ ചേർന്നതോടെ തുടർ അന്വേഷണങ്ങൾ നിലച്ച അവസ്ഥയുണ്ടായി. ഇത്തരം സംഭവങ്ങളാണ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പൂർണ്ണമായും തകർത്തത്. അന്വേഷണത്തിന് വിധേയരായ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസും യാതൊരുവിധ തെറ്റുകളും ചെയ്തിട്ടില്ലെന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ഏത് അന്വേഷണത്തെയും ധൈര്യമായി നേരിടാൻ പാർട്ടി തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായി തുടരുമ്പോഴും മാധ്യമങ്ങളിൽ വേണ്ടത്ര വാർത്തകളും ചർച്ചകളും വരാത്തതിനെയും ശൈലജ ടീച്ചർ വിമർശിച്ചു. മുൻപ് ഇടതുപക്ഷ ഭരണകാലത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾപ്പോലും മാധ്യമങ്ങൾ വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു. അത്തരം പ്രതികരണങ്ങൾ തന്നെയാണ് ഇപ്പോഴും ഉണ്ടാവേണ്ടത്. ജനങ്ങൾ ബഹളം വെക്കുമ്പോഴാണ് ആ മേഖലകളിലേക്ക് സർക്കാരിന്റെ കൃത്യമായ ശ്രദ്ധ എത്തുകയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയും ചെയ്യുക. ആശുപത്രികളിൽ മരുന്നില്ലെന്നും ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലെന്നും പറഞ്ഞ് ഇപ്പോഴും നിരവധി ആളുകൾ തന്നെ ഫോണിൽ വിളിക്കുന്നുണ്ട്. ആരോഗ്യവകുപ്പും നിലവിലെ ആരോഗ്യ മന്ത്രിയും ഇക്കാര്യങ്ങൾ അതീവ ഗൗരവത്തോടെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും അവർ ഓർമ്മിപ്പിച്ചു.
