തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് ഇന്ന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചു. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസലിന്റെ വില 104.41 രൂപയായും ഉയർന്നു.
തുടർച്ചയായ വിലവർധന ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം നാലുതവണയായി ഇന്ധനവില കൂട്ടിയതോടെ പെട്രോളിനും ഡീസലിനും ഏകദേശം എട്ട് രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. മെയ് 15നായിരുന്നു ആദ്യ വലിയ വർധന. അന്ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. തുടർന്ന് മെയ് 19ന് 90 പൈസ വീതവും വർധിപ്പിച്ചു. മെയ് 23ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി. ഇന്ന് വീണ്ടും വലിയ തോതിൽ വില ഉയർന്നതോടെയാണ് ഉപഭോക്താക്കൾക്ക് ഇരട്ടിഭാരം അനുഭവപ്പെടുന്നത്.
ഇന്ധനവില ഉയരുന്നതോടെ സാധനങ്ങളുടെ ഗതാഗതച്ചെലവും വർധിക്കാനിടയുണ്ട്. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വീണ്ടും വർധനവുണ്ടാകുമെന്ന ആശങ്കയും ശക്തമാകുകയാണ്. പൊതുഗതാഗത നിരക്കുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രതിഫലനം ഉണ്ടാകുമെന്ന മുന്നറിയിപ്പും ഉയരുന്നു.
