ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. 2021 നവംബറിലും 2022 മെയ് മാസത്തിലും അതിനു ശേഷവും കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചിട്ടുണ്ടെന്നും, അതുവഴി ലിറ്ററിന് 10 രൂപയോളം ഇന്ധനവിലയിലെ ഭാരം സർക്കാർ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ-യുക്രൈൻ യുദ്ധത്തിന് ശേഷം ആഗോളതലത്തിൽ ഇന്ധനവിലയിൽ വൻ വർധനവുണ്ടായപ്പോഴും ഇന്ത്യയിൽ അത് ഏകദേശം 7.60 രൂപയുടെ വർധനയിൽ ഒതുങ്ങി. ലോകത്തെ 193 രാജ്യങ്ങളിൽ ജപ്പാൻ ഒഴികെ മറ്റെല്ലാ രാജ്യങ്ങളെക്കാളും കുറഞ്ഞ വില വർധനയാണ് ഇന്ത്യയിലുണ്ടായതെന്ന് മന്ത്രി അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ സംഘർഷം മൂലം ദിവസവും എണ്ണ കമ്പനികൾക്ക് 1,000 കോടി രൂപയോളം നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും, ആ ഭാരം ഉപഭോക്താക്കളുടെ മേൽ ചുമത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കമ്പനികൾ ഉയർന്ന വിലയ്ക്ക് വാങ്ങിയ ക്രൂഡ് ഓയിൽ സ്റ്റോക്ക് ഉള്ളതിനാൽ ഇന്ധനവില പെട്ടെന്ന് കുറയാൻ സാധ്യതയില്ലെന്നും, കുറഞ്ഞ വിലയ്ക്ക് വാങ്ങിയ സ്റ്റോക്ക് റിഫൈനറികളിൽ എത്തുമ്പോൾ വില കുറയാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
