കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം. നേരിട്ട് ഹാജരാകണമെന്ന കോടതി ഉത്തരവിനെതിരെ കീഴുദ്യോഗസ്ഥൻ മുഖേന അവധി ആവശ്യപ്പെട്ട നടപടിയിലാണ് ജസ്റ്റിസ് ബദറുദ്ദീൻ രൂക്ഷമായി പ്രതികരിച്ചത്.
‘ഇത് സംസ്ഥാനത്തെ ഉന്നത കോടതിയാണ്, വില്ലേജ് ഓഫീസല്ല’ എന്നായിരുന്നു കോടതിയുടെ പരാമർശം. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലമിനോടാണ് കോടതി വിമർശനം നടത്തിയത്. ഇത്തരം നടപടി ആവർത്തിച്ചാൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുകയോ പിഴ ചുമത്തുകയോ ചെയ്യുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ തീരുമാനമെടുത്ത വിവരം കോടതിയെ അറിയിക്കാത്തതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്. പരാതിക്കാരനെ കേട്ട ശേഷം മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നായിരുന്നു നേരത്തേ കോടതി നിർദേശിച്ചിരുന്നത്. എന്നാൽ, കോടതി നിർദേശം പാലിക്കാത്ത സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തിയത്. ഇതിനിടെയാണ് നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാകാൻ കീഴുദ്യോഗസ്ഥൻ മുഖേന അവധി അപേക്ഷ നൽകിയത്. ഇതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്.
അതേസമയം, എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാൻ ഹൈക്കോടതി ഹർജിക്കാരനായ ദിപിൻ എടവനയോട് നിർദേശിച്ചു. മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതടക്കമുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് ദിപിൻ എടവന ഹൈക്കോടതിയെ സമീപിച്ചത്. യൂണിഫോം ധരിച്ച് യുഎഇയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തെന്നും ഗതാഗത കമ്മീഷണറായിരിക്കെ അഴിമതി നടത്തിയെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. വിഷയത്തിൽ സർക്കാരിന്റെ നിലപാടും തുടർ നടപടികളും കോടതി പരിശോധിക്കും.
