തമിഴ് നടൻ ജീവയുടെ തകർപ്പൻ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം. തന്റെ പുതിയ ചിത്രമായ ‘തലൈവർ തമ്പി തലൈമയിൽ’ എന്ന സിനിമയുടെ സക്സസ് മീറ്റിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചടങ്ങിൽ അതിഥിയായെത്തിയ സുരേഷ് ഗോപി, ജീവയുടെ മകനെ കണ്ടപ്പോൾ സഹോദരനാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. “ഇത് എന്റെ മകനാണ് സർ” എന്ന് ജീവ പരിചയപ്പെടുത്തിയപ്പോൾ, താൻ സഹോദരനാണെന്നാണ് കരുതിയതെന്ന് സുരേഷ് ഗോപി മറുപടി നൽകി. ജീവയുടെ മാറ്റമില്ലാത്ത ലുക്കിനെ സൂചിപ്പിച്ച് ‘സന്തൂർ അപ്പാ താ’ എന്നാണ് ആരാധകർ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ജീവയ്ക്ക് ബോക്സ് ഓഫീസിൽ വലിയ ആശ്വാസം നൽകിയ ചിത്രമാണ് ‘തലൈവർ തമ്പി തലൈമയിൽ’. തുടർച്ചയായ പരാജയങ്ങൾക്കിടയിൽ ജനുവരി 15-ന് പൊങ്കൽ റിലീസായി എത്തിയ ഈ ചിത്രം ജീവയുടെ കരിയറിലെ മികച്ച തിരിച്ചു വരവായി മാറി. ആദ്യ ഷോ മുതൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ സിനിമയ്ക്ക് തമിഴ്‌നാട്ടിലും കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വിജയത്തോടെ തമിഴകത്തെ പഴയ പ്രതാപത്തിലേക്ക് ജീവ മടങ്ങിയെത്തുന്നു എന്ന പ്രതീക്ഷയിലാണ് ആരാധകർ.
സാമ്പത്തിക കണക്കുകളിലും ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ഇതിനോടകം 37 കോടി രൂപ ആഗോളതലത്തിൽ നേടിക്കഴിഞ്ഞു. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം 33.85 കോടി രൂപ ഗ്ലോസ് കളക്ഷനായി ലഭിച്ചു. തമിഴ്നാട്ടിൽ നിന്ന് 28.73 കോടിയും കേരളത്തിൽ നിന്ന് 1.15 കോടി രൂപയും ചിത്രം സ്വന്തമാക്കി. ഓവർസീസിൽ നിന്ന് 3.15 കോടി രൂപയാണ് സിനിമയുടെ വരുമാനം. ജീവയുടെയും സുരേഷ് ഗോപിയുടെയും രസകരമായ കൂടിക്കാഴ്ചയും ചിത്രത്തിന്റെ വിജയവും ഇപ്പോൾ സിനിമാ ലോകത്തെ പ്രധാന ചർച്ചാവിഷയമാണ്.
