
‘ആശ’ സിനിമയുടെ പ്രൊമോഷൻ വേദിയിൽ അവതാരക ദീക്ഷ രവീന്ദ്രനാഥ് ഇംഗ്ലീഷിൽ സംസാരിച്ചതിനെതിരെ നടി ഉർവശി നടത്തിയ പ്രതികരണം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. മലയാളികൾ കൂടുതലുള്ള വേദിയിൽ എന്തിനാണ് ഇംഗ്ലീഷിൽ ‘കടുക് വറക്കുന്നത്’ എന്നും സ്വന്തം നാട്ടിൽ സ്വന്തം ഭാഷയിൽ സംസാരിച്ചുകൂടേയെന്നുമായിരുന്നു ഉർവശിയുടെ ചോദ്യം. നടിയെ പിന്തുണച്ചും അവതാരകയെ അപമാനിച്ചുവെന്ന് വിമർശിച്ചും സോഷ്യൽ മീഡിയ രണ്ടായി തിരിഞ്ഞിരിക്കുകയാണ്.
ഈ വിവാദത്തിൽ നിർമ്മാതാവും പൃഥ്വിരാജിന്റെ ജീവിതപങ്കാളിയുമായ സുപ്രിയ മേനോൻ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ഇംഗ്ലീഷ് ഉപയോഗത്തെച്ചൊല്ലി വീണ്ടും വീണ്ടും ഉണ്ടാകുന്ന വിവാദങ്ങൾ തന്നെ ആശയക്കുഴപ്പത്തിലാക്കാറുണ്ടെന്നും പൊതുരംഗത്ത് താനും സമാന വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. നടിയും അവതാരകയുമായ ശ്രുതി മേനോനടക്കമുള്ളവരും ഈ നിലപാടിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് അയക്കുകയും വിദേശരാജ്യങ്ങളിലേക്ക് അതിവേഗം കുടിയേറുകയും ചെയ്യുന്നവരാണ് നമ്മൾ. എന്നിട്ടും പൊതുവേദികളിൽ ആരെങ്കിലും ഇംഗ്ലീഷ് സംസാരിച്ചാൽ അതിനെ അഹങ്കാരമായി മാത്രം കാണുന്നത് എന്തിനാണെന്ന് സുപ്രിയ ചോദിക്കുന്നു. മറ്റൊരാൾ മറ്റൊരു ഭാഷ ഉപയോഗിക്കുന്നത് മാതൃഭാഷയോടുള്ള നമ്മുടെ സ്നേഹത്തെയോ അഭിമാനത്തെയോ എങ്ങനെയാണ് കുറയ്ക്കുകയെന്നും അവർ വ്യക്‌തമാക്കി.
ഭാഷാഭിമാനവും പ്രായോഗികമായ ആശയവിനിമയ സ്വാതന്ത്ര്യവും തമ്മിലുള്ള അതിർവരമ്പാണ് ഈ സംഭവം വീണ്ടും മുന്നോട്ടുവെക്കുന്നത്. മാതൃഭാഷയിലെ ആവിഷ്കാര സ്വാതന്ത്യം ഉറപ്പിച്ചുനിൽക്കുമ്പോൾ തന്നെ, ആഗോളവൽക്കരിക്കപ്പെട്ട പൊതുഇടങ്ങളിൽ ഭാഷയുടെ പേരിലുള്ള സദാചാരസേവനം ആവശ്യമുണ്ടോ എന്ന ഗൗരവകരമായ സംവാദമാണ് ഉർവശി-സുപ്രിയ വാഗ്വാദങ്ങൾ തുറന്നിടുന്നത്.
