Home » Blog » kerala Mex » ആ പണം ഇന്ത്യക്കെതിരെ തന്നെ അവർ ഉപയോഗിക്കും; സൺറൈസേഴ്‌സ് പാക് താരത്തെ വാങ്ങിയത് വിവാദത്തിലേക്ക്!
Screenshot_20260316_193754

ഇംഗ്ലണ്ടിലെ പ്രശസ്തമായ ‘ദ ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിനായുള്ള ലേലത്തിൽ പാക് സ്പിന്നർ അബ്രാർ അഹമ്മദിനെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള സൺറൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയത് വൻ വിവാദത്തിലേക്ക്. ഏകദേശം 1.90 ലക്ഷം പൗണ്ട് (ഒന്നേമുക്കാൽ കോടിയിലധികം രൂപ) നൽകിയാണ് താരത്തെ ടീമിലെടുത്തത്. ഒരു ഇന്ത്യൻ ഫ്രാഞ്ചൈസി വിദേശ ലീഗിലാണെങ്കിൽ പോലും പാക് താരത്തെ വാങ്ങിയത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐപിഎല്ലിൽ പാക് താരങ്ങൾക്ക് വിലക്കുള്ള കാര്യം ഓർമ്മിപ്പിച്ച ഗാവസ്‌കർ, ഇത്തരം ഇടപാടുകൾ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പാക് താരങ്ങൾക്ക് നൽകുന്ന പ്രതിഫലത്തിന്റെ ഒരു ഭാഗം നികുതിയായി പാക് സർക്കാരിലേക്കാണ് പോകുന്നത്. ഈ പണം ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾക്കും ആയുധങ്ങൾ വാങ്ങാനും ഉപയോഗിക്കപ്പെടുന്നത് ഇന്ത്യൻ സൈനികരുടെയും പൗരന്മാരുടെയും ജീവൻ അപകടത്തിലാക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു.

സൺറൈസേഴ്‌സ് ഉടമ കാവ്യ മാരനെതിരേയും സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെ ടീമിന്റെ ഔദ്യോഗിക പേജുകൾ താൽക്കാലികമായി പ്രവർത്തനരഹിതമാക്കി. എന്നാൽ, ഇത് കേവലം ടീമിന്റെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള തീരുമാനമാണെന്നും ആദിൽ റഷീദിന് പകരക്കാരനായാണ് അബ്രാറിനെ തിരഞ്ഞെടുത്തതെന്നും പരിശീലകൻ ഡാനിയൽ വെട്ടോറി വിശദീകരിച്ചു. ടൂർണമെന്റ് ബിസിസിഐയുടെ പരിധിയിലല്ലാത്തതിനാൽ വിഷയത്തിൽ ഇടപെടില്ലെന്ന് വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും വ്യക്തമാക്കി.