Home » Blog » Kerala » ആർബിഐയുടെ പുതിയ വായ്പാ നിയമം ഒക്ടോബർ മുതൽ; ജപ്തി ഭീഷണി നേരിടുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.
images (68)

വായ്പാ തിരിച്ചടവ് മുടങ്ങുന്നത് മൂലം ബാങ്കുകൾ കണ്ടുകെട്ടുന്ന ഈടുവസ്തുക്കളും സ്ഥാവര ആസ്തികളും കൈകാര്യം ചെയ്യുന്നതിൽ വൻ മാറ്റങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വരും ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ബാങ്കുകൾ പിടിച്ചെടുക്കുന്ന സ്വത്തുക്കൾ പരമാവധി 7 വർഷത്തിനുള്ളിൽ പൊതുലേലത്തിലൂടെ വിറ്റഴിക്കണം. ഇത്തരം ഇടപാടുകളിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കാനും കൃത്യമായ വിപണി മൂല്യം ലഭ്യമാക്കാനുമാണ് രഹസ്യ വില്പനകൾ ഒഴിവാക്കി പൊതുലേലം നിർബന്ധമാക്കുന്നത്. ലോൺ പൂർണ്ണമായും നിഷ്ക്രിയ ആസ്തിയായി മാറി, നിയമപരമായ നടപടികളിലൂടെ ബാങ്ക് സ്വത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം നേടുന്ന സാഹചര്യങ്ങളിൽ മാത്രമാണ് ഈ പുതിയ ചട്ടങ്ങൾ ബാധകമാകുക.

 

പുതിയ ചട്ടങ്ങളിലെ ഏറ്റവും നിർണായകമായ വ്യവസ്ഥ, വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തി ജപ്തി നേരിട്ട വ്യക്തിക്കോ അവരുമായി ബന്ധപ്പെട്ട കക്ഷികൾക്കോ പിടിച്ചെടുത്ത ഈ സ്വത്ത് ബാങ്കിൽ നിന്ന് വീണ്ടും വാങ്ങാൻ സാധിക്കില്ല എന്നതാണ്. ബാങ്കുകൾ തങ്ങളുടെ ആസ്തികളുടെ മൂല്യം അമിതമായി കാണിക്കുന്നത് തടയാൻ കർശനമായ മൂല്യനിർണ്ണയ മാനദണ്ഡങ്ങളും ആർബിഐ കൊണ്ടുവന്നിട്ടുണ്ട്. വായ്പ തീർപ്പാക്കാനുള്ള തുകയുടെ നെറ്റ് ബുക്ക് വാല്യൂ, ബാങ്കിന് പുറത്തുള്ള രണ്ട് എക്സ്റ്റേണൽ വാല്യൂവേഴ്സ് നിശ്ചയിക്കുന്ന ഡിസ്ട്രസ് സെയിൽ വാല്യൂ എന്നിവയിൽ ഏതാണോ കുറഞ്ഞ തുക, അതിലായിരിക്കണം സ്വത്തിന്റെ മൂല്യം രേഖപ്പെടുത്തേണ്ടത്.

 

ബാങ്കുകളുടെ പക്കൽ ഇത്തരം സ്വത്തുക്കൾ ദീർഘകാലം കെട്ടിക്കിടക്കാതെ എത്രയും വേഗം വിറ്റഴിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ആർബിഐ ഈ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. എന്നാൽ, ഉടമസ്ഥാവകാശം ബാങ്കിലേക്ക് മാറുന്നതിന് മുൻപുള്ള സർഫാസി നിയമപ്രകാരമുള്ള വായ്പക്കാരുടെ അവകാശങ്ങളെയോ നിയമപരമായ പരിഹാരങ്ങളെയോ ഈ പുതിയ ചട്ടങ്ങൾ ബാധിക്കില്ലെന്ന് കേന്ദ്രബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.