Home » Blog » Kerala » “ആര്‍ സുഗതന്‍ ഗുണ്ടയല്ല, നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്; കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല, പൊലീസ് ഇപ്പോഴും സിപിഎമ്മിന്റെ അടിമകള്‍” – ആര്‍ ശ്രീലേഖ
7

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ആഭ്യന്തരമന്ത്രിയെ തള്ളി ആരോഗ്യമന്ത്രിയെ പിന്തുണച്ച് വട്ടിയൂര്‍കാവ് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖ. വട്ടിയൂര്‍കാവ് എസ്എച്ച്ഒ വിപിനെ തിരഞ്ഞെടുപ്പിന് മുന്‍പ് സിപിഎം സര്‍ക്കാര്‍ പ്രത്യേകമായി ചെങ്ങന്നൂരില്‍നിന്ന് കൊണ്ട് വന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ നിയമിച്ചത് അവിടെ മൂന്നാം വട്ടവും വി.കെ.പ്രശാന്തിനെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശ്യത്തോടെയാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാമെന്ന് ശ്രീലേഖ സമൂഹമാധ്യമത്തില്‍ കുറിച്ചു.

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. ഇപ്പോഴും പൊലീസും ജില്ലാ അധികാരികളും മറ്റുള്ള ഉദ്യോഗസ്ഥരും ഒക്കെ സിപിഎം പറയുന്നതൊക്കെ അനുസരിക്കുന്ന അടിമകളും വിധേയരുമാണ് എന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു. ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ് അല്ല, ഇന്ത്യ മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാല്‍ അതില്‍ അതിശയപ്പെടേണ്ടതില്ലെന്നും ശ്രീലേഖ പറയുന്നു.

വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ എങ്ങനെ ഗുണ്ടയായി? സുഗതൻ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സുഗതനെ ആകാശത്തേക്കു വെടിവച്ചു പിടികൂടിയ പൊലീസിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുകൂലിച്ചപ്പോള്‍ വട്ടിയൂര്‍കാവില്‍ ഉണ്ടായത് അനാവശ്യ വെടിയൊച്ചയാണെന്ന് സ്ഥലം എംഎല്‍എയും ആരോഗ്യമന്ത്രിയുമായ കെ. മുരളീധരന്‍ പ്രതികരിച്ചിരുന്നു. അനാവശ്യ ക്രമസമാധാനപ്രശ്‌നം പൊലീസ് ഉണ്ടാക്കാന്‍ പാടില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയെ പിന്തുണച്ച് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ രംഗത്തെത്തിയത്.