തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതിനെ തുടർന്ന് ഡി.എച്ച്.എസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. ചുമതലയേൽക്കാനെത്തിയ റീനയ്ക്ക് പകരം ചുമതല വഹിച്ചിരുന്ന ഡോ. വി. മീനാക്ഷി കസേര ഒഴിഞ്ഞുനൽകാൻ തയ്യാറാകാതിരുന്നതോടെ സംഘർഷാവസ്ഥയായി. പിന്നാലെ പൊലീസ് സ്ഥലത്തെത്തി.
പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവധിക്ക് അപേക്ഷിച്ചെന്നതുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയത്. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു നടപടി എന്നും താൻ അവധിക്ക് അപേക്ഷിച്ചിരുന്നില്ലെന്നും റീന ട്രിബ്യൂണലിനെ അറിയിച്ചു. തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത്. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് റീനയെ മാറ്റി നിയമിച്ചിരുന്നത്. ഇതിനെതിരെയാണ് അവർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.
ട്രിബ്യൂണലിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം തന്നെ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. തുടർന്ന് ഉത്തരവിന്റെ പകർപ്പുമായി ചുമതലയേൽക്കാൻ റീന ഡി.എച്ച്.എസ് ഓഫീസിലെത്തിയെങ്കിലും, പകരം ചുമതല നൽകിയിരുന്ന ഡോ. മീനാക്ഷി സ്ഥാനം ഒഴിയാൻ വിസമ്മതിച്ചു. സർക്കാർ ഉത്തരവ് ലഭിച്ചാൽ മാത്രമേ ചുമതല കൈമാറൂ എന്ന നിലപാടിലായിരുന്നു അവർ. സംഭവത്തെ തുടർന്ന് ഓഫീസിൽ നേരിയ സംഘർഷാവസ്ഥ രൂപപ്പെട്ടതോടെ പൊലീസ് ഇടപെട്ടു. അതേസമയം, ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.
