
കൽപ്പറ്റ : അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ 22 നിരീക്ഷണ ക്യാമറകളിലെയും ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് എക്സൈസ്. തെളിവെടുപ്പിനായി ആന്റോ അഗസ്റ്റിനെ വീട്ടിലെത്തിച്ചപ്പോഴാണ് ഡിവിആർ സ്റ്റോറേജ് ഉപകരണം എടുത്തുമാറ്റിയ നിലയിൽ കണ്ടെത്തിയത്. ദൃശ്യങ്ങൾ മനഃപൂർവം നീക്കം ചെയ്തതാണെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ സംശയം. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ എക്സൈസ് ആരംഭിച്ചിട്ടുമുണ്ട്.
അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി ബത്തേരി കോടതി 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടിരുന്നു. വാഴവറ്റയിലെ വീട്ടിൽനിന്ന് 67 ലിറ്ററോളം മദ്യം പിടിച്ചെടുത്ത സംഭവത്തിലാണ് കേസ്. വീടിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വാദമാണ് ആന്റോ അഗസ്റ്റിൻ അന്വേഷണ സംഘത്തിന് മുന്നിലും ആവർത്തിക്കുന്നത്. വീട് തന്റെ പേരിലല്ലെന്നും മദ്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ആന്റോയുടെ വാദം.
എന്നാൽ, വീട് ആന്റോ അഗസ്റ്റിന്റെ പേരിലാണെന്നതിന് തെളിവായി പഞ്ചായത്ത് രേഖകളും വൈദ്യുതി കണക്ഷൻ രേഖകളും എക്സൈസ് എടുത്തു കാട്ടുന്നുണ്ട്. വീടിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറിയെന്നാണ് പ്രതിഭാഗത്തിന്റെ വാദം. 2022ൽ എസ്ബിഐയുടെ സർഫാസി നടപടിയുടെ ഭാഗമായി വീട് ലേലത്തിൽ മറ്റൊരാൾ സ്വന്തമാക്കിയെന്നാണ് പ്രതിഭാഗം കോടതിയിൽ അറിയിച്ചത്. ഈ വാദം സംബന്ധിച്ചാണ് അന്വേഷണത്തിൽ കൂടുതൽ രേഖകൾ പരിശോധിക്കുന്നത്.
ഇതിനിടെ, വാഴവറ്റയിലെ വീട് നിർമാണ ചട്ടങ്ങൾ പാലിക്കാതെയാണ് നിർമിച്ചതെന്ന എക്സൈസ് കണ്ടെത്തലും പുറത്തുവന്നിട്ടുണ്ട്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സംബന്ധിച്ച തുടർനടപടികൾ കോടതിയിൽ നടക്കുകയാണ്. കേസിൽ എക്സൈസിന്റെ അന്വേഷണവും തുടരുന്നുണ്ട്.
