Home » Blog » Cinema » “ആദ്യം കണ്ടപ്പോൾ കുട്ടികളെ മർദിക്കുന്നതായി തോന്നി, പിന്നീടാണ് അവിടെ കുട്ടികളല്ല, കുട്ടന്മാരാണെന്നാണ് മനസ്സിലായത്; വിസ്മയ കാര്യം അറിയാതെയാണ് പ്രതികരിച്ചത്” – മേജർ രവി
11

തിരുവനന്തപുരം: ഡൽഹിയിലെ സി.ജെ.പി. പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ സൈനിക ഉദ്യോഗസ്ഥൻ മേജർ രവി. പ്രതിഷേധത്തിന്റെ തുടക്കത്തിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടികളുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ സഹതാപം തോന്നിയിരുന്നുവെന്നും, എന്നാൽ പിന്നീട് സംഭവത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കിയപ്പോഴാണ് സമരവേദിയിൽ യഥാർഥ വിദ്യാർഥികളേക്കാൾ മറ്റ് താത്പര്യക്കാർ കൂടുതലായിരുന്നുവെന്നാണ് തനിക്ക് ബോധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

“ആദ്യം കണ്ടപ്പോൾ കുട്ടികളെ മർദിക്കുന്നുവെന്നായിരുന്നു തോന്നിയത്. എന്നാൽ പിന്നീട് പരിശോധിച്ചപ്പോൾ അവിടെ കുട്ടികളല്ല, കുട്ടന്മാരാണെന്നാണ് മനസ്സിലായത്,” എന്നാണ് മേജർ രവി ഫേസ്ബുക്ക് ലൈവിൽ പ്രതികരിച്ചത്.

ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഫണ്ടിംഗും ഗൂഢാലോചനയും ഉണ്ടെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന് മുൻപ് വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നുവെന്നും, ഇപ്പോഴത്തെ സമരത്തിന് പിന്നിലും വിദേശ ശക്തികളുടെ സ്വാധീനം പരിശോധിക്കേണ്ടതുണ്ടെന്നും മേജർ രവി പറഞ്ഞു. അമേരിക്കയിൽ നിന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിക്കുന്നതും തുടർന്ന് നിരാശരായ യുവാക്കൾ സമരത്തിന്റെ ഭാഗമാകുന്നതുമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജന്തർ മന്തർ പോലുള്ള നിശ്ചിത സ്ഥലങ്ങളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പകരം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുകയും പൊലീസിന് നേരെ ആക്രമണവും പെപ്പർ സ്പ്രേ പ്രയോഗവും ഉണ്ടായാൽ നിയമനടപടി സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “പോലീസിനെ ആക്രമിച്ച ശേഷം കുട്ടികളെ അടിച്ചുവെന്ന് പറയുന്നതിൽ അർഥമില്ല,” -എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച ഗുരുതര വിഷയമാണെങ്കിലും രാജ്യത്ത് ആദ്യമായല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും, അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മേജർ രവി പറഞ്ഞു. സമരവേദിയിൽ മുദ്രാവാക്യം വിളിക്കുന്നവരിൽ ചിലർക്ക് സി.ബി.എസ്.ഇ.യുടെയോ നീറ്റിന്റെയോ അടിസ്ഥാന വിവരങ്ങൾ പോലും അറിയില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.

സിനിമാതാരങ്ങൾ ഉൾപ്പെടെ ചിലർ യഥാർഥ സാഹചര്യം മനസ്സിലാക്കാതെയാണ് പ്രതികരിക്കുന്നതെന്നും മേജർ രവി പറഞ്ഞു. വിസ്മയ മോഹൻലാലിനെ പരാമർശിച്ച അദ്ദേഹം, “വിസ്മയ മനുഷ്യത്വമുള്ള ആളാണ്. പക്ഷേ വിഷയത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയ ശേഷമാകണം ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണ്ടത്,” എന്നും അഭിപ്രായപ്പെട്ടു.

ജോർജ് സോറോസിനെ പോലുള്ള വിദേശ ശക്തികളുടെ പിന്തുണയോടെയുള്ള സമാന പ്രക്ഷോഭങ്ങൾ നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ അസ്ഥിരത സൃഷ്ടിച്ചിട്ടുണ്ടെന്നും, ഇന്ത്യയിലും സമാന മാതൃകയിൽ അസ്ഥിരത ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് മേജർ രവിയുടെ ആരോപണം. അതേസമയം, പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥികൾക്ക് പരിക്കേറ്റതിൽ തനിക്ക് ദുഃഖമുണ്ടെന്നും, എന്നാൽ നിയമം കൈയിലെടുക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.