Home » Blog » Kerala » “ആത്മീയത എന്നത് ഒന്നുമില്ലായ്മയാണ്, പലരും പറയുന്നതുപോലെ വെളിച്ചമല്ല, മറിച്ച് ഇരുട്ടാണ് എനിക്ക് സ്പിരിച്വാലിറ്റി” – സംയുക്ത വർമ
12

തിരുവനന്തപുരം: ആത്മീയതയെക്കുറിച്ചുള്ള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവെച്ച് നടി സംയുക്ത വർമ. സ്പിരിച്വാലിറ്റി എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമായ അനുഭവമാണെന്നും, താൻ അതിനെ കാണുന്നത് “ഒന്നുമില്ലായ്മ” എന്ന നിലയിലാണെന്നും സംയുക്ത പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സ്പിരിച്വാലിറ്റിയെക്കുറിച്ചുള്ള തന്റെ ചിന്തകൾ വിശദീകരിച്ചുകൊണ്ട് താരം മനസുതുറന്നത്.

“എന്നെ സംബന്ധിച്ചിടത്തോളം ആത്മീയത എന്നത് ഒന്നുമില്ലായ്മയാണ്. അതാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം. പലരും പറയുന്നതുപോലെ വെളിച്ചമല്ല, മറിച്ച് ഇരുട്ടാണ് എനിക്ക് സ്പിരിച്വാലിറ്റി,” -എന്നാണ് സംയുക്ത പറഞ്ഞത്. നിലവിലുള്ള അവസ്ഥയിൽ നിന്ന് ഉള്ളിലേക്കോ പുറത്തേക്കോ സഞ്ചരിക്കുമ്പോൾ ഒരിടത്ത് എത്തിച്ചേരുന്നത് പൂർണമായ ഇരുട്ടിലേക്കാണെന്നും, ആ ഇരുട്ടാണ് തനിക്ക് ഏറ്റവും സുരക്ഷിതവും ആശ്വാസകരവുമായ ഇടമെന്നും അവർ പറഞ്ഞു. അവിടെ സന്തോഷമോ സങ്കടമോ ഇല്ല, ബന്ധങ്ങളോ വികാരങ്ങളോ ഇല്ല, പൂർണമായും ഒന്നുമില്ലാത്ത അവസ്ഥ മാത്രമാണുള്ളതെന്നും അവർ വിശദീകരിച്ചു.

ആ അവസ്ഥയെ “ശിവം” എന്ന് വിശേഷിപ്പിച്ച സംയുക്ത, അതിനെയാണ് താൻ യഥാർത്ഥ സ്പിരിച്വാലിറ്റിയായി കാണുന്നതെന്നും വ്യക്തമാക്കി. ആത്മീയതയെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ചട്ടക്കൂടിൽ ഒതുക്കാനാകില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

“എനിക്ക് നിയമങ്ങൾ ഇഷ്ടമല്ല. നിയമങ്ങളിൽ ബന്ധിക്കപ്പെട്ട് ജീവിക്കുന്നതും ഇഷ്ടമല്ല. അത് ആത്മീയ പരിശീലനത്തിന്റെ ഭാഗമായാലും അതുതന്നെയാണ് എന്റെ നിലപാട്. നിയമങ്ങൾ പാലിക്കുന്നത് മാത്രമല്ല സ്പിരിച്വാലിറ്റി,” – എന്ന് സംയുക്ത പറഞ്ഞു. വെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നതുപോലെ ജീവിതവും ഒഴുകിക്കൊണ്ടിരിക്കുകയാണ് യഥാർത്ഥ ആത്മീയതയെന്ന് അവർ പറഞ്ഞു. ആ അവസ്ഥയിലേക്ക് താൻ പൂർണമായി എത്തിയിട്ടുണ്ടോ എന്നറിയില്ലെങ്കിലും, ഒന്നുമില്ലായ്മയിലേക്ക് സ്വാഭാവികമായി ലയിച്ചുചേരുന്ന അനുഭവമാണ് ആത്മീയതയെന്നും താരം കൂട്ടിച്ചേർത്തു.

ദിവസത്തിന്റെ ചില നിമിഷങ്ങളിൽ അത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അത് ഇപ്പോഴും പൂർണതയിലെത്തിയിട്ടില്ലെന്നും, അതിലേക്കെത്താൻ പ്രത്യേക ശ്രമം പോലും ആവശ്യമില്ലെന്നും സംയുക്ത അഭിപ്രായപ്പെട്ടു.”ആത്മീയത ഒരു ശ്രമമല്ല, ഒരു കൂടിച്ചേരലാണ്. അത് സംഭവിക്കുമ്പോൾ അത് സംഭവിക്കുന്നുവെന്ന് പോലും നമ്മൾ അറിയരുത്. അത്രയും സ്വാഭാവികമായ അനുഭവത്തെയാണ് ഞാൻ സ്പിരിച്വാലിറ്റി എന്ന് വിളിക്കുന്നത്,” -എന്നാണ് സംയുക്ത വർമ പറയുന്നത്.