Home » Blog » Kerala » “അൻസിബയുടെ പ്രശ്നം വ്യക്തിപരം, ‘അമ്മ’ എങ്ങനെ ഇടപെടും? ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല, എല്ലാം ചെയ്യുന്നത് സെക്രട്ടറിയും ട്രഷററും ചേർന്ന്” – ശ്വേത മേനോൻ
5

കൊച്ചി: മുതിർന്ന താരങ്ങൾ പറഞ്ഞാൽ അമ്മയുടെ തലപ്പത്തുനിന്ന് താൻ മാറാൻ തയ്യാറെന്ന് നടി ശ്വേത മേനോൻ. താൻ തോൽക്കാൻ അല്ല വന്നത്. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയും. അതേസമയം, എക്‌സിക്യൂട്ടിവിനുള്ളിൽ തന്നെ ചിലർ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും ശ്വേത ആരോപിച്ചു.

“കുറച്ചു കാലമായി അമ്മ ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത്. കുക്കു പരമേശ്വരനോട്‌ എനിക്ക് ഒരു ഈഗോ പ്രശ്നവും ഇല്ല. അൻസിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അമ്മക്ക് അതിൽ ഒന്നും ചെയ്യാൻ ഇല്ല. വീട്ടിൽ നടക്കുന്ന പ്രശ്നത്തിൽ അമ്മ എങ്ങനെ ഇടപെടും” – ശ്വേത പറഞ്ഞു.

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി മാധ്യമങ്ങൾ വഴിയാണ് അറിയുന്നതെന്നും ശ്വേത പറഞ്ഞു. അൻസിബയുടെ പരാതി ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. അതാണല്ലോ അമ്മയുടെ കോടതി. അമ്മയെ നാറ്റിക്കാനുള്ള അജണ്ട ആണോ അൻസിബക്കെന്നും അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ലെന്നും ശ്വേത പറഞ്ഞു. സ്ത്രീകൾക്ക് നയിക്കാൻ പറ്റില്ല എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്വേത പറഞ്ഞു.

അതേസമയം, താര സംഘടനക്കുള്ളിലെ പുതിയ പൊട്ടിത്തെറികളിൽ മൗനം പാലിക്കുകയാണ് മുതിർന്ന താരങ്ങളും നേരത്തെ സംഘടനയെ നയിച്ചവരും. അടുത്ത മാസം 21നു ചേരുന്ന വാർഷിക പൊതുയോഗത്തിൽ എല്ലാം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് പലരുമെന്നാണ് അറിയാൻ കഴിയുന്നത്. ശ്വേത മേനോനും കുക്കു പരമേശ്വരനും ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ ഒട്ടുമിക്ക നടീ- നടന്മാർക്കും കടുത്ത അമർഷമുണ്ടെന്നാണ് വിവരം. അതുപോലെ നേതൃത്വം മാറണം എന്നാണ് പലരുടെയും അഭിപ്രായം. വാർഷിക പൊതുയോ​ഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായേക്കും.