ഐപിഎൽ പുതിയ സീസണിലെ തുടർച്ചയായ രണ്ടാം തോൽവിക്ക് പിന്നാലെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ അജിങ്ക്യ രഹാനെ. തന്റെ സ്ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്യുന്നവർക്ക് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും താൻ നേടിയ വിജയങ്ങളിൽ അവർക്ക് അസൂയയാണെന്നും രഹാനെ തുറന്നടിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 65 റൺസിന്റെ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിലാണ് താരം മനസ്സ് തുറന്നത്.
തന്റെ ബാറ്റിംഗ് ശൈലിയെ വിമർശിക്കുന്നവർ ഒന്നുകിൽ കളി കാണുന്നില്ല, അല്ലെങ്കിൽ തന്നോട് വ്യക്തിപരമായ വിരോധമുള്ളവരാണെന്ന് രഹാനെ പറഞ്ഞു. തന്റെ 200-ാം ഐപിഎൽ മത്സരത്തിൽ 10 പന്തിൽ 8 റൺസ് മാത്രം നേടി പുറത്തായതിനെ അദ്ദേഹം ന്യായീകരിച്ചു. ഹൈദരാബാദിനെതിരായ ഇന്നിംഗ്‌സ് മോശമാണെന്ന് താൻ കരുതുന്നില്ലെന്നും റൺസ് കണ്ടെത്താൻ പരമാവധി ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ 40 പന്തിൽ 67 റൺസ് നേടിയ കാര്യം ഓർമ്മിപ്പിച്ച നായകൻ, ഒരു ഇന്നിംഗ്‌സിലെ പരാജയം വെച്ച് തന്നെ വിലയിരുത്തേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
തുടർച്ചയായ തോൽവികളോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ടീമിന്റെ പ്രകടനവും നായകന്റെ ബാറ്റിംഗ് ഫോമും വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് രഹാനെയുടെ ഈ പ്രതികരണം.
