കേരളം ആറ് ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണെന്നും പിണറായി വിജയൻ സർക്കാർ സംസ്ഥാനത്തിന്റെ നട്ടെല്ല് തകർത്തുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അടുത്ത മാസത്തോടെ ഈ സർക്കാർ പടിയിറങ്ങുമെന്നും യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ വിലക്കയറ്റം നിയന്ത്രിക്കാനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി വീണാ ജോർജ് അസാധാരണ അഭിനേതാവാണെന്ന് സതീശൻ പരിഹസിച്ചു. മുദ്രാവാക്യം വിളി കേട്ടാൽ പേടലി ഉളുക്കുമോ എന്ന് ചോദിച്ച അദ്ദേഹം, കേരളത്തിൽ കലാപമുണ്ടാക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. സി.പി.എം. സംഘപരിവാർ പാതയിലാണെന്നും വോട്ട് ബാങ്കിന് വേണ്ടി വർഗീയത പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് മൂലം തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ല. പ്രാഥമിക കുറ്റപത്രം പോലും നൽകാത്തതിനാലാണ് പ്രതികൾ പുറത്തിറങ്ങിയത്. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്തുകൊണ്ട് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
